"ഇതു സ്ലാട്ടൻ സ്റ്റൈൽ"- ചുരുട്ടു വലിച്ചും ഷാമ്പയിൻ തെറിപ്പിച്ചും മിലാന്റെ കിരീടനേട്ടമാഘോഷിച്ച് ഇബ്രാഹിമോവിച്ച്

Zlatan Ibrahimovic's Serie A Title Celebration
Zlatan Ibrahimovic's Serie A Title Celebration / Chris Ricco/GettyImages
facebooktwitterreddit

പതിനൊന്നു വർഷങ്ങൾക്കു ശേഷമുള്ള എസി മിലാന്റെ സീരി എ കിരീടനേട്ടം ചുരുട്ടു വലിച്ചും ഷാമ്പയിൻ തെറിപ്പിച്ചും ആഘോഷിച്ച് സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ സാസുവോളക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയതോടെയാണ് ഈ സീസണിലെ സീരി എ കിരീടം ഇന്റർ മിലാനെ മറികടന്ന് എസി മിലാൻ സ്വന്തമാക്കിയത്.

നാൽപതുകാരനായ സ്വീഡിഷ് താരം ഈ സീസണോടെ ഫുട്ബോൾ കരിയറിൽ നിന്നു തന്നെ വിടപറഞ്ഞേക്കാം എന്നിരിക്കെ കിരീടവിജയത്തോടെ അത് ഏറ്റവും മികച്ചതാക്കാൻ കഴിഞ്ഞുവന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ ബുദ്ധിമുട്ടിച്ചതിനാൽ ഇരുപത്തിമൂന്നു സീരി എ മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കാൻ താരത്തിനായി.

ആരെയും കൂസാത്ത തന്റെ മനോഭാവം കൊണ്ട് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ സ്ലാട്ടൻറെ കിരീടാഘോഷവും വ്യത്യസ്‌തമായിരുന്നു. മെഡൽ ദാനത്തിനായി വിളിച്ചപ്പോൾ ഡ്രസിങ് റൂമിൽ നിന്നും മൈതാനത്തേക്ക് ഷാമ്പയിൻ ബോട്ടിലും ചുരുട്ടുമായി വന്ന സ്ലാട്ടൻ ഷാമ്പയിൻ ചീറ്റിയും ചുരുട്ട് വലിച്ചുമാണ് മെഡൽ വാങ്ങാൻ വേദിയിലേക്ക് കേറിയത്.

എസി മിലാനിലേക്ക് തിരിച്ചു വന്നപ്പോൾ തന്നെ അവരെ ലീഗ് ജേതാക്കളാക്കി മാറ്റുമെന്നു പറഞ്ഞ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അത് അക്ഷരാർത്ഥത്തിൽ തന്നെ നിറവേറ്റുകയും ചെയ്‌തു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കിരീടങ്ങളിൽ ഒന്നാണിതെന്നു പറഞ്ഞ സ്വീഡിഷ് താരം സീരി എ മിലാനു നേടിക്കൊടുക്കുമെന്നു പറഞ്ഞപ്പോൾ തന്നെ കളിയാക്കിയവർക്കുള്ള മറുപടി കൂടിയാണിതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ മരണപ്പെട്ട തന്റെ ഏജന്റായ മിനോ റയോളക്കാണ് തന്റെ സീരി എ കിരീടനേട്ടം സ്ലാട്ടൻ സമർപ്പിച്ചത്. റയോള കൂടെയില്ലാതെ താൻ നേടുന്ന ആദ്യത്തെ കിരീടമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ സീസണോടെ സ്ലാട്ടൻ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.