Football in Malayalam

ലോകകപ്പിൽ ഒരു ഗോൾ നേടുക എന്നത് തന്റെ ലക്ഷ്യമാണെന്ന് വെളിപ്പെടുത്തി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

Sreejith N
FBL-WC-2022-SWE-PRESSER
FBL-WC-2022-SWE-PRESSER / JONATHAN NACKSTRAND/Getty Images
facebooktwitterreddit

സ്വീഡൻ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിനൊപ്പം അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്നതും തന്റെ ലക്ഷ്യമാണെന്നു വെളിപ്പെടുത്തി എസി മിലാൻ സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. 2016ലെ യൂറോ കപ്പിൽ ബെൽജിയത്തിനെതിരെ ഇറങ്ങിയതിനു ശേഷം സ്വീഡന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരം വ്യാഴാഴ്‌ച കളിക്കാനിരിക്കെയാണ് ഇക്കാര്യം സ്ലാട്ടൻ വ്യക്തമാക്കിയത്.

2002ലും 2006ലും സ്വീഡന് വേണ്ടി ലോകകപ്പിൽ കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഒരു ഗോൾ നേടാൻ ഇബ്രാഹിമോവിച്ചിന് കഴിഞ്ഞിട്ടില്ല. ഈ മോശം റെക്കോർഡിനെ മറികടന്ന് ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റിൽ ഒരു ഗോൾ നേടുക തന്റെ ലക്ഷ്യമാണെന്നും താരം പറഞ്ഞു.

"ഒരു പൂജ്യത്തിൽ എനിക്ക് തുടരാനാവില്ല, അതിനെയാണ് ഞാൻ മറികടക്കേണ്ടത്. ഒരുപാട് അകലെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അപകടകരമാണ്. അടുത്ത ദിവസം എന്ത് എന്നതിനെ കുറിച്ചാണ് ഞാൻ കൂടുതൽ ചിന്തിക്കേണ്ടത്. എന്നാൽ ഞാനിപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തുടരാൻ കഴിഞ്ഞാൽ അവിടെയെത്താനും സാധിക്കും," സ്റ്റോക്ക്ഹോമിൽ നടന്ന പത്രസമ്മേളനത്തിൽ സ്ലാട്ടൻ പറഞ്ഞു.

സ്വീഡൻ വിട്ട സമയത്ത് തന്റെ മക്കളുടെ ദുഖത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ വികാരാധീനനായി സ്ലാട്ടൻറെ കണ്ണുകളും നിറയുകയുണ്ടായി. "ഞാൻ വിട്ടുപോയപ്പോൾ മകനായ വിൻസന്റ് കരയുകയായിരുന്നു. എന്നാലിപ്പോൾ എല്ലാം ശരിയായിട്ടുണ്ട്."

"ഒരു ഫുട്ബാൾ താരമെന്ന നിലയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് നാഷണൽ ടീമിൽ കളിക്കുകയെന്നത്. ഞാൻ സ്വീഡനെ പിന്തുടരുന്നുണ്ട്, അവരെ സഹായിക്കാൻ കഴിയുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്. തീർച്ചയായും ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിയും," സ്ലാട്ടൻ വ്യക്തമാക്കി.

2022 ലോകകപ്പ് വരുമ്പോൾ 41 വയസിലേക്കെത്തുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച് 116 മത്സരങ്ങൾ ദേശീയ ടീമിന് വേണ്ടി കളിച്ച് 62 ഗോളുകൾ നേടിയിട്ടുണ്ട്. ഇതുവരെ രണ്ട് ലോകകപ്പും നാല് യൂറോ കപ്പുമാണ് സ്ലാട്ടൻ ദേശീയ ടീമിനൊപ്പം പങ്കെടുത്ത പ്രധാന ടൂർണമെന്റുകൾ.

facebooktwitterreddit