Football in Malayalam

എംബാപ്പെക്ക് പിഎസ്‌ജി വിടാനുപദേശം നൽകിയിരുന്നുവെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

Sreejith N
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / Visionhaus/GettyImages
facebooktwitterreddit

കെയ്‌ലിയൻ എംബാപ്പെക്ക് പിഎസ്‌ജി വിടാനുള്ള ഉപദേശം നൽകിയിരുന്നുവെന്ന് ഫ്രഞ്ച് ക്ലബിന്റെ മുൻ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അതേസമയം പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖേലൈഫിയോട് എംബാപ്പയെ ഒരിക്കലും വിൽക്കരുതെന്നു താൻ പറഞ്ഞതായും ഇബ്രാഹിമോവിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

നാലു വർഷം പിഎസ്‌ജിക്കു വേണ്ടി കളിച്ചിട്ടുള്ള ഇബ്രാഹിമോവിച്ച് ക്ലബിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളാണ്. മറ്റൊരു ലീഗ് വൺ ക്ലബായ മൊണാക്കോക്കൊപ്പം മികച്ച പ്രകടനം നടത്തിയ സീസണു ശേഷം പിഎസ്‌ജി എംബാപ്പയെ സ്വന്തമാക്കുന്നതിന്റെ ഒരു വർഷം മുൻപാണ് സ്ലാട്ടൻ ഫ്രഞ്ച് ക്ലബ് വിടുന്നത്.

"എംബാപ്പക്ക് ക്ലബ് വിടാനുള്ള ഉപദേശം ഞാൻ നൽകിയിരുന്നു എന്നത് സത്യം തന്നെയാണ്. കുറച്ചുകൂടി ഘടനാപരമായ ഒരു അന്തരീക്ഷമാണ് താരത്തിനു വേണ്ടത്, റയൽ മാഡ്രിഡിലുള്ളതു പോലെ. എന്നാൽ അതിനു ശേഷം ഞാൻ പിഎസ്‌ജി പ്രസിഡന്റിനോട് താരത്തെ വിൽക്കരുതെന്നും പറഞ്ഞിരുന്നു." ഇറ്റാലിയൻ ന്യൂസ്‌പേപ്പർ കൊറേറ ഡെല്ല സെറയോട് സ്ലാട്ടൻ പറഞ്ഞു.

അമേരിക്കൻ ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ എത്താനുള്ള കാരണത്തെപ്പറ്റിയും സ്ലാട്ടൻ രസകരമായി പറഞ്ഞു. "മറഡോണയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി കണ്ടപ്പോൾ നാപ്പോളിയിലേക്ക് പോകാനും സീരി എ വിജയിക്കാനും ഞാൻ തീരുമാനിച്ചു. അമേരിക്കയിൽ ഞാൻ ക്ഷീണിതനായിരുന്നു. വിരമിക്കുന്നതിനെ കുറിച്ചു വരെ ഞാൻ ചിന്തിച്ചു. എന്നാൽ മിനോ റയോള 'നിനക്ക് ഭ്രാന്താണ്, ഇറ്റലിയിലേക്ക് തിരിച്ചു പോകൂ' എന്നെന്നോട് പറഞ്ഞു.

"നാപ്പോളിയുമായി അദ്ദേഹം എല്ലാം അംഗീകരിച്ചപ്പോഴാണ് ആൻസലോട്ടിയെ പുറത്താക്കുന്നത്, അതോടെ എല്ലാം മാറി. അതിനു ശേഷം 'ഇനിയേതു മോശം ടീമിനെയാണ് എനിക്ക് മാറ്റാൻ കഴിയുക' എന്നു ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോളദ്ദേഹം 'മിലാൻ ഇന്നലെ അറ്റലാന്റായോട് അഞ്ചു ഗോളുകൾക്ക് തോറ്റു' എന്നു പറഞ്ഞു. അതോടെ മിലാനിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു." സ്ലാട്ടൻ പറഞ്ഞു.

facebooktwitterreddit