ദൃഢനിശ്ചയത്തോടെ സ്ലാട്ടൻ, ഒരു കിരീടമെങ്കിലും നേടാതെ എസി മിലാൻ വിടില്ലെന്ന് സ്വീഡിഷ് താരം

AC Milan v Spezia Calcio - Serie A
AC Milan v Spezia Calcio - Serie A / Stefano Guidi/GettyImages
facebooktwitterreddit

എസി മിലാനൊപ്പം ഒരു കിരീടമെങ്കിലും നേടുകയാണ് തന്റെ ലക്ഷ്യമെന്നും അതു സാധ്യമാകാതെ ക്ലബ് വിടില്ലെന്നും സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. എംഎൽഎസിൽ നിന്നും 2020ലാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തന്റെ മുൻ ക്ലബായ എസി മിലാനിലേക്ക് തിരിച്ചെത്തുന്നത്. സീരി എയിലെ ആദ്യസ്ഥാനങ്ങളിലേക്ക് മിലാനെ എത്തിക്കാനായെങ്കിലും 2016-17 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യൂറോപ്പ ലീഗ് നേടിയതിനു ശേഷം പിന്നീടൊരു കിരീടവും നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല.

"എന്റെ ഭാവി ഫുട്ബോളാണ്, എന്റെ ലോകം ഫുട്‍ബോളാണ്. ഇപ്പോൾ കളിക്കാൻ കഴിയുന്നില്ല എന്നതിൽ ഞാൻ വളരെ നിരാശനാണ്, അതെന്നെ വളരെ വേദനിപ്പിക്കുന്നു. പ്രത്യേകിച്ചും ടീം വളരെ മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ. എനിക്കവിടെ തുടർന്ന് എന്റെ ടീമിനെ സഹായിക്കണം." സ്ലാട്ടൻറെ വാക്കുകൾ ഗോൾ റിപ്പോർട്ടു ചെയ്‌തു.

"ഞങ്ങൾ മഹത്തായ നിരവധി കാര്യങ്ങൾ ഞാൻ വന്നതിനു ശേഷം ചെയ്‌തുവെങ്കിലും ഒരൊറ്റ കാര്യത്തിന്റെ അഭാവമാണുള്ളത്: ഒരു കിരീടം. ഞങ്ങളാ ലക്‌ഷ്യം എത്രയും പെട്ടന്നു നിറവേറ്റുന്നതിനു വേണ്ടി പോരാടിക്കൊണ്ടിരിക്കയാണ്. ഈ മിലാൻ ടീമിനൊപ്പം എന്തെങ്കിലും നേടാതെ ഞാൻ ഇവിടം വിടാൻ പോകുന്നില്ല." നാൽപതു വയസുള്ള സ്വീഡിഷ് താരം പറഞ്ഞു.

ഈ സീസണിൽ രണ്ടു കിരീടങ്ങൾ നേടാനാണ് എസി മിലാനു സാധ്യതയുള്ളത്. നിലവിൽ സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള നാപ്പോളിയുടെ അതെ പോയിന്റാണ് മിലാനുള്ളതെങ്കിലും ഗോൾ ഡിഫറൻസിൽ അവർ രണ്ടാമതു നിൽക്കെയാണ്. ഇതിനു പുറമെ കോപ്പ ഇറ്റലിയുടെ സെമി ഫൈനലിൽ അവർ ഇടം പിടിച്ചിട്ടുണ്ട്. ഇന്ററാണ്‌ സെമിയിൽ മിലാന്റെ എതിരാളികൾ.

നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ജനുവരി അവസാനം നടന്ന യുവന്റസിനെതിരായ സീരി എ മത്സരത്തിലാണ് അവസാനമായി കളത്തിലിറങ്ങിയത്. ഈ സീസണിൽ പതിനൊന്നു സീരി എ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.