Football in Malayalam

ഇബ്രാഹിമോവിച്ചിന് മൂന്നു വർഷം വിലക്കു വരാൻ സാധ്യത, കരിയർ തന്നെ അവസാനിച്ചേക്കും

Sreejith N
Parma Calcio  v AC Milan - Serie A
Parma Calcio v AC Milan - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

എസി മിലാൻ സൂപ്പർതാരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് ഫുട്ബോളിൽ നിന്നും മൂന്നു വർഷം വിലക്ക് ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. മാൾട്ട കേന്ദ്രീകരിച്ചുള്ള ബെറ്റിങ് കമ്പനിയുമായുള്ള പങ്കാളിത്തത്തിന്റെ പേരിലാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് വിലക്ക് ലഭിക്കുമെന്ന് സ്വീഡൻ കേന്ദ്രീകരിച്ചുള്ള മീഡിയ വൃത്തങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മുപ്പത്തിയൊൻപതുകാരനായ താരത്തിന്റെ കരിയർ തന്നെ അവസാനിക്കാനുള്ള സാധ്യതകൾക്കു കൂടിയാണ് ഇതു വഴിയൊരുക്കുന്നത്.

സ്വീഡിഷ് മാധ്യമമായ ആഫ്റ്റൺബ്ളാഡറ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇബ്രാഹിമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ അൺനൗൺ ഏബിക്ക് ബെറ്റ്ഹാർഡ് എന്ന പേരിലുള്ള, മാൾട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബെറ്റിങ് കമ്പനിയുമായി പങ്കാളിത്തമുണ്ടെന്നാണ് ആരോപണമുയരുന്നത്. ഫിഫയുടെയും യുവേഫയുടെയും നിയമങ്ങൾ പ്രകാരം അവരുടെ മത്സരങ്ങളിൽ രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ബെറ്റിങ് സ്ഥാപനങ്ങളിൽ പങ്കാളിത്തമുണ്ടാക്കാൻ പാടുള്ളതല്ല.

സ്വീഡിഷ് ഫുട്ബോൾ അസോസിയേഷന് ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളതു കൊണ്ടാണ് 2018ലെ ഫിഫ ലോകകപ്പിനുള്ള ടീമിലേക്ക് താരത്തെ തിരിച്ചു വിളിക്കാതിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016ലെ യൂറോ കപ്പിന് പിന്നാലെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതാണെങ്കിലും കളിച്ച ക്ലബുകളിൽ മികച്ച പ്രകടനം നടത്തുന്നതു മൂലം കഴിഞ്ഞ ലോകകപ്പ് ടീമിലേക്ക് താരം തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ആ സമയത്ത് ശക്തമായിരുന്നു.

അടുത്തിടെ സ്വീഡിഷ് ദേശീയ ടീമിലേക്ക് വീണ്ടും തിരിച്ചെത്തിയ താരത്തിന്റെ ഉടമസ്ഥതയിലുള്ള അൺനൗൺ ഏബി കമ്പനിയാണ് ബെറ്റ്ഹാർഡിലെ നാലാമത്തെ വലിയ നിക്ഷേപകരെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അന്വേഷണങ്ങളിൽ ബെറ്റിങ് കമ്പനിയുമായി താരത്തിനുള്ള പങ്കാളിത്തം കണ്ടെത്തിയാൽ മുപ്പത്തിയൊമ്പതാം വയസിലും മികച്ച പ്രകടനം നടത്തുന്ന സ്ലാട്ടന് ഫുട്ബോൾ കരിയർ തന്നെ ഉപേക്ഷിക്കേണ്ടി വന്നേക്കും.


facebooktwitterreddit