എന്നെപ്പോലൊരാളെ ഇനി കാണാൻ കഴിയില്ല, വിരമിക്കൽ ഭയത്തോടെ ചിന്തിക്കുന്ന കാര്യമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്


ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭീതിയുണ്ടെന്ന് സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. നിലവിൽ എസി മിലാനിൽ കളിക്കുന്ന നാൽപതു വയസു പ്രായമുള്ള സ്ലാട്ടൻ ക്ലബുമായി പുതിയ കരാർ ഒപ്പിടാനുള്ള ചർച്ചകൾ നടത്തുകയാണെങ്കിലും ഒരിക്കൽ ബൂട്ടഴിക്കേണ്ടി വരുമെന്ന യാഥാർഥ്യം താരം ഉൾക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
"വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ചെറിയ തോതിൽ ഒരു ഭീതി എനിക്കുണ്ടാകുന്നുണ്ട്. എനിക്ക് സാധ്യമായ കാലത്തോളം ഞാൻ കളിക്കുന്നതു തുടരും. ഞാൻ ബുദ്ധിമുട്ടുന്നില്ല, റിസൾട്ട് കിട്ടുന്ന സമയം വരെ ഞാൻ കളി തുടരും. എനിക്ക് നിരാശയില്ലാതെ കരിയർ പൂർത്തിയാക്കണം, അതിനാൽ എനിക്ക് പരമാവധി സമയം ഉപയോഗിക്കേണ്ടതുണ്ട്." സ്ലാട്ടൻ മാധ്യമങ്ങളോട് പറഞ്ഞു.
Zlatan Ibrahimovic admits he feels 'PANIC' when he thinks about retiring as the AC Milan star https://t.co/WvEsyJ9tNs
— MailOnline Sport (@MailSport) March 23, 2022
"ഈ സമയത്ത് എനിക്കുള്ള ഊർജ്ജം പിന്നീടൊരിക്കലും ഇങ്ങിനെയാകില്ലെന്ന് എനിക്കറിയാം. ഉണരുക, പരിശീലനത്തിന് പോവുക, വീട്ടിൽ പോവുക, വിശ്രമിക്കുക ഇതാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇരുപതോ ഇരുപത്തിയഞ്ചോ വർഷമായി ഇതു തന്നെയാണ് തുടർന്നു പോകുന്നത്. എന്നാൽ ഒരു ദിവസം ഞാൻ ഉണരുകയും ഇന്നൊരു പദ്ധതിയില്ലെന്നു മനസിലാക്കുകയും ചെയ്താൽ അതൊരു വിചിത്രമായ തോന്നലുണ്ടാക്കും."
വിരമിച്ചാൽ ആരാധകർക്ക് തന്റെ അഭാവം കൂടുതൽ അനുഭവപ്പെടുമെന്നും സ്വതസിദ്ധമായ ശൈലിയിൽ സ്ലാട്ടൻ പറഞ്ഞു. "ഏറ്റവും വലിയ വേദന നിങ്ങൾക്കായിരിക്കും, ഞാൻ കളിക്കുന്നത് നിങ്ങൾക്കു പിന്നീട് കാണാൻ കഴിയില്ല. ഇപ്പോൾ നിങ്ങളത് ആസ്വദിക്കുക, കാരണം എന്നെപ്പോലെയൊരാളെ പിന്നീടൊരിക്കലും കാണാൻ കഴിയില്ല." അദ്ദേഹം വ്യക്തമാക്കി.
പരിക്കുകളുടെ പ്രശ്നങ്ങൾ അലട്ടിയ ഈ സീസണിൽ പതിനെട്ടു സീരി എ മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഇബ്രാഹിമോവിച്ച് എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. മിലാന്റെ അവസാന നാല് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത താരം ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ ചെക്ക് റിപ്പബ്ലിക്കിനെ നേരിടാൻ പരിശീലനത്തിലാണ്.