Football in Malayalam

ബാലൺ ഡി ഓർ മിസ്റ്റർ പെർഫക്റ്റുകൾക്കു നൽകുന്നതാണ്, ചിന്തിക്കുന്നതു പറഞ്ഞാൽ അവാർഡ് ലഭിക്കില്ലെന്ന് ഇബ്രാഹിമോവിച്ച്

Sreejith N
Ibrahimovic Explains Why He Missed Out Ballon D'or
Ibrahimovic Explains Why He Missed Out Ballon D'or / Marco Canoniero/GettyImages
facebooktwitterreddit

മിസ്റ്റർ പെർഫക്റ്റായ ആളുകൾക്ക് നൽകുന്നതാണ് ബാലൺ ഡി ഓർ അവാർഡെന്നും ചിന്തിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ അതു ലഭിക്കില്ലെന്നും സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്ന് ഇതുവരെയും പുരസ്‌കാരം നേടാൻ കഴിയാതിരുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് സ്ലാട്ടൻ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ക്ലബ് കരിയറിൽ അഞ്ഞൂറോളം ഗോളുകൾ നേടിയിട്ടുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തന്റെ നാല്പതാമത്തെ വയസിലും യൂറോപ്പിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ എസി മിലാനിൽ കളിക്കുകയാണ്. ബാലൺ ഡി ഓർ നേടാൻ കഴിവുള്ള താരമായിരുന്നിട്ടും 2013ൽ നാലാം സ്ഥാനത്തു വന്നതാണ് ഇതുമായി ബന്ധപ്പെട്ടുള്ള സ്ലാട്ടൻറെ ഏറ്റവുമുയർന്ന നേട്ടം.

"ഇതെല്ലാം രാഷ്ട്രീയപരമായ അവാർഡുകളാണ്. അവർക്കു വേണ്ടത് മിസ്റ്റർ പെർഫക്റ്റിനെയാണ്. നിങ്ങൾക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞാൽ അത് ലഭിക്കുകയില്ല. 'മിസ്റ്റർ നൈസ് ഗയ്ക്ക്' പുരസ്‌കാരം നൽകുക എളുപ്പമാണ്. അതെന്നിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല, ഞാൻ നല്ലതോ മോശമോ ആകുന്നില്ല." ബിൽഡിനോട് സ്ലാട്ടൻ പറഞ്ഞു.

2013ൽ റൊണാൾഡോ ബാലൺ ഡി ഓർ വിജയിച്ച സമയത്ത് നാലാം സ്ഥാനത്തു വന്ന സ്ലാട്ടന് പിന്നീട് അവാർഡിന് കൂടുതൽ അർഹത ഉണ്ടായിരുന്നത് 2016ൽ ആയിരുന്നു. സീസണിൽ പിഎസ്‌ജിക്കൊപ്പം മൂന്നു കിരീടങ്ങൾ നേടിയ താരം 31 മത്സരങ്ങളിൽ നിന്നും 38 ഗോളുകളും കുറിച്ചെങ്കിലും ചാമ്പ്യൻസ് ലീഗും യൂറോ കപ്പും വിജയിച്ച റൊണാൾഡോക്കാണ് പുരസ്‌കാരം ലഭിച്ചത്.

മെസിയും റൊണാൾഡോയും ആധിപത്യം സ്ഥാപിച്ച ഒരു കാലഘട്ടത്തിൽ കളിച്ചു എന്നതാണ് സ്ലാട്ടനു ബാലൺ ഡി ഓർ നേടാൻ കഴിയാത്തതിന്റെ കാരണമെന്നത് വ്യക്തമാണ്. എന്നാൽ നാൽപതാം വയസിലും യൂറോപ്പിലെ ഏറ്റവും മികച്ചൊരു ക്ലബിനു വേണ്ടി കളിച്ച് അത്ഭുതങ്ങൾ സൃഷ്ട്ടിക്കാൻ അദ്ദേഹത്തിനു കഴിയുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit