Football in Malayalam

'ഞാൻ എല്ലായ്‌പോഴും ക്ലബ്ബിന് കാര്യങ്ങൾ എളുപ്പമാക്കും' - തന്റെ റയൽ മാഡ്രിഡ് ഭാവിയെ കുറിച്ച് സൂചന നൽകി സിദാൻ

Gokul Manthara
Real Madrid v Osasuna - La Liga Santander
Real Madrid v Osasuna - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഈ സീസണിലെ കോപ്പ ഡെൽ റേയിൽ മൂന്നാം ഡിവിഷൻ ക്ലബ്ബായ അൽകോയാനോയോട് തോറ്റ് റയൽ മാഡ്രിഡ് പുറത്തായതോടെയാണ് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സിനദിൻ സിദാനെ മാറ്റണമെന്ന ആവശ്യങ്ങൾ ആരാധകർക്കിടയിൽ പോലും ശക്തമായത്. ഇതിന് ശേഷം നടന്ന പല പത്രസമ്മേളനങ്ങളിലും ക്ലബ്ബിലെ‌ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യം സിദാന് നേരിടേണ്ടി വന്നിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ കഴിഞ്ഞ ദിവസം ചെൽസിക്ക് മുൻപിൽ വീണതോടെ റയലിലെ സിദാന്റെ ഭാവിയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായി.

സെവിയ്യക്കെതിരെ നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ സിദാന് വീണ്ടും റയൽ മാഡ്രിഡിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നു. എന്നാൽ ക്ലബ്ബായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന സൂചനകളാണ്‌ ഇതിന് മറുപടിയായി സിദാൻ നൽകിയത്.‌ തന്റെ ഭാവി കാര്യത്തിൽ ക്ലബ്ബ് അവർക്ക് യോജിച്ചതെന്ന് തോന്നുന്ന തീരുമാനമെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയ സിദാൻ, അതിനനുസരിച്ചാകും താനും മുന്നോട്ട് പോവുകയെന്നും സൂചിപ്പിച്ചു.

"ഞാൻ എല്ലായ്‌പോഴും ക്ലബ്ബിന് കാര്യങ്ങൾ എളുപ്പമാക്കും, കാരണം അവർ എനിക്ക് എല്ലാം നൽകിയിട്ടുണ്ട്."

സിനദിൻ സിദാൻ

അതേ‌ സമയം റയൽ മാഡ്രിഡിനൊപ്പമുള്ള തന്റെ രണ്ട് പരിശീലക സ്പെല്ലുകളിലായി ക്ലബ്ബിനെ ഒട്ടേറെ നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള പരിശീലകനാണ് സിദാൻ.‌ റയലിന് മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലീഗ കിരീടങ്ങളും സമ്മാനിച്ചിട്ടുള്ള സിദാന് പരിശീലക വേഷത്തിൽ റയലിനൊപ്പം മൂന്നാം ലാലീഗ നേടാനുള്ള അവസരമാണ് ഇക്കുറി വന്നെത്തിയിരിക്കുന്നത്. നിലവിൽ ലാലീഗ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള അവർക്ക് തങ്ങളുടെ അവസാന 4 മത്സരങ്ങളിലും വിജയിക്കാനായാൽ വീണ്ടുമൊരു ലീഗ് കിരീടം കൂടി സ്വന്തമാക്കാം.


facebooktwitterreddit