സിനദിൻ സിദാൻ പിഎസ്ജി പരിശീലകസ്ഥാനത്തേക്ക് അടുക്കുന്നു

ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ പരിശീലക കുപ്പായത്തിലേക്ക് സിനദിന്‍ സിദാന് അടുക്കുന്നതായി റിപ്പോര്‍ട്ട്. ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ട് പിഎസ്ജി ടൂർണമെന്റിൽ നിന്ന് പുറത്തായാൽ സിദാന് ഫ്രഞ്ച് ക്ലബിന്റെ പരിശീലക വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റയല്‍ മാഡ്രിഡിനോടുള്ള ബഹുമാനം കാരണം പ്രീ ക്വാര്‍ട്ടറില്‍ അവർക്കെതിരെയുള്ള മത്സരത്തിന് ശേഷമേ സിദാൻ പിഎസ്ജി പരിശീലകസ്ഥാനം ഏറ്റെടുക്കൂ എന്ന് ടെലിഫൂട്ടിന്റെ ലൂലിയന്‍ മെയ്നാര്ഡിന് റിപ്പോർട്ട് ചെയ്തു. ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16ൽ പിഎസ്ജിയുടെ എതിരാളികളായി റയലിനെ ലഭിച്ചില്ലായിരുന്നെങ്കിൽ, സിദാനെ ഫ്രഞ്ച് ക്ലബിന്റെ പരിശീലകനായി നിയമിച്ച് കഴിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 21 വർഷത്തിന്റെ ഭൂരിഭാഗവും കളിക്കാരനായും, പരിശീലകനായും, മറ്റു വിവിധ റോളുകളിലായും റയൽ മാഡ്രിഡിനൊപ്പം ചിലവഴിച്ചയാളാണ് സിദാന്. 2021ൽ റയൽ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം നിലവിൽ ഫ്രീ ഏജന്റ് ആണ് സിദാൻ.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ പുറത്താക്കിയപ്പോള്‍ സിദാനെ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും യുണൈറ്റഡിന്റെ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
രണ്ടര വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിനെ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ച പരിശീലകനാണ് സിദാൻ. രണ്ട് തവണ റയല്‍ മാഡ്രിഡിന്റെ പരിശീലകക്കുപ്പായം അണിഞ്ഞ സിദാന് കീഴില്‍ രണ്ട് ലാലിഗ കിരീവും സ്പാനിഷ് വമ്പന്മാർ സ്വന്തമാക്കിയിട്ടുണ്ട്.
അതേ സമയം, പി.എസ്.ജിയുടെ നിലവിലെ പ്രകടനത്തിൽ ഇപ്പോള്‍ ആരാധകരും ക്ലബും തൃപ്തരല്ല. അതിനാല്‍ പൊച്ചറ്റീനോയുടെ ക്ലബിലെ ഭാവി തുലാസിലായിരിക്കുകയാണിപ്പോള്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.