മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ സിദാന് പിഎസ്ജി പരിശീലകനാവുന്നതിൽ താൽപര്യക്കുറവില്ല


മൗറീസിയോ പോച്ചട്ടിനോക്ക് കീഴിൽ പിഎസ്ജി ഈ സീസണിൽ നടത്തുന്നത് ശരാശരി പ്രകടനം മാത്രമാണ്. ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള എതിരാളികളേക്കാൾ പത്തു പോയിന്റ് മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ലയണൽ മെസി, നെയ്മർ, കെയ്ലിൻ എംബാപ്പെ, ഏഞ്ചൽ ഡി മരിയ, മാർകോ വെറാറ്റി, ജിയാൻലൂജി ഡോണറുമ്മ, അഷ്റഫ് ഹക്കിമി, സെർജിയോ റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങൾ കളിക്കുന്ന ക്ലബിന് അതിനൊത്ത ഒരു പ്രകടനം നടത്താൻ കഴിയുന്നില്ല.
വമ്പൻ താരങ്ങളെ ഒരുമിച്ചു നിർത്തി അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിക്കാൻ പോച്ചട്ടിനോക്ക് കഴിയാത്തതാണ് പിഎസ്ജിയുടെ മോശം ഫോമിനു കാരണമെന്ന വാദങ്ങൾ പല ഭാഗത്തു നിന്നും ഉയർന്നു കൊണ്ടിരിക്കെ അദ്ദേഹത്തെ മാനേജർ സ്ഥാനത്തു നിന്നും മാറ്റണമെന്നും പലരും ആവശ്യപ്പെടുന്നു. ഇത്രയധികം സൂപ്പർസ്റ്റാറുകളെ കൈകാര്യം ചെയ്യാൻ സിദാന്റെ പേരും പിഎസ്ജി പരിശീലകസ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് ഫ്രഞ്ച് ഇതിഹാസത്തിന്റെ പേര് ഉയർന്നു കേട്ടെങ്കിലും പ്രീമിയർ ലീഗിലെത്താൻ സിദാനു താൽപര്യമില്ലെന്ന വാർത്തകളാണ് അതിനു പിന്നാലെ വന്നത്. 2022 ലോകകപ്പിനു ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് സിദാൻ ശ്രമിക്കുന്നതെന്നും അതിനൊപ്പം കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഫ്രാൻസ് ദേശീയ ടീമിനൊപ്പം പിഎസ്ജിയുടെ പരിശീലക ചുമതല ഏറ്റെടുക്കാനും സിദാന് താൽപര്യമുണ്ട്. പോച്ചട്ടിനോ പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയാണ് എങ്കിൽ സിദാൻ അതേക്കുറിച്ച് ചിന്തിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ പോച്ചട്ടിനോയുടെ സ്ഥാനത്തിന് ഭീഷണിയൊന്നും ഇല്ലെങ്കിലും പിഎസ്ജി ഇതേ പ്രകടനമാണ് തുടർന്നു പോകുന്നത് എങ്കിൽ അർജന്റീനിയൻ പരിശീലകൻ പുറത്തു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയേക്കാം. അതു സംഭവിച്ചാൽ സിദാൻ തന്നെ ഫ്രഞ്ച് ക്ലബിലെത്താനുള്ള സാധ്യതയാണ് തുറന്നു വരുന്നത്.