Football in Malayalam

യുവന്റസിലേക്ക് ചേക്കേറിയേക്കുമെന്ന സൂചനകൾ നൽകി സിനദിൻ സിദാൻ

Sreejith N
Apr 8, 2021, 4:03 PM GMT+5:30
Real Madrid v Liverpool FC - UEFA Champions League Quarter Final: Leg One
Real Madrid v Liverpool FC - UEFA Champions League Quarter Final: Leg One | Quality Sport Images/Getty Images
facebooktwitterreddit

യുവന്റസിൽ ആന്ദ്രേ പിർലോയുടെ പരിശീലകസ്ഥാനം എപ്പോൾ വേണമെങ്കിലും തെറിക്കാമെന്ന സാഹചര്യത്തിൽ ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തള്ളിക്കളയാതെ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിനു പിന്നാലെ ഇറ്റാലിയൻ ലീഗിലും കിരീടപ്രതീക്ഷയില്ലാത്തതാണ് പിർലോയുടെ ഭാവിയിൽ ഇരുൾ വീഴ്ത്തിയത്.

പിർലോയെ യുവന്റസ് നേതൃത്വം ഒഴിവാക്കുകയാണെങ്കിൽ പകരക്കാരനായി പരിഗണിക്കുന്ന പരിശീലകരിൽ സിദാൻ മുൻപന്തിയിലുണ്ടെന്നാണ് അഭ്യൂഹങ്ങൾ. 1996 മുതൽ 2001 വരെ ഇറ്റാലിയൻ ക്ലബിൽ കളിച്ചിട്ടുള്ള സിദാനോട് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറാനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു.

"ഇറ്റലി എല്ലായ്‌പോഴും എന്റെ മനസിലുണ്ട്, യുവന്റസ് എനിക്ക് വളരെ പ്രധാനപ്പെട്ട ക്ലബുമാണ്. എന്നാൽ എനിക്കറിയില്ല, ഞാനിപ്പോൾ റയലിലാണുള്ളത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാം," ലിവർപൂളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിന് ശേഷം സ്കൈ ഇറ്റാലിയയോട് സിദാൻ പറഞ്ഞു.

യുവന്റസിനൊപ്പം അഞ്ചു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സിദാൻ രണ്ടു സീരി എ കിരീടം നേടിയതിനു പുറമെ രണ്ടു തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും എത്തിയിട്ടുണ്ട്. എന്നാൽ കളിക്കാരനെന്ന നിലയിൽ യൂറോപ്യൻ കിരീടം ഇറ്റാലിയൻ ക്ലബിനൊപ്പം നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

അതേസമയം കഴിഞ്ഞ മത്സരത്തിൽ നാപോളിക്കെതിരെ വിജയം നേടിയതോടെ തന്റെ മേലുണ്ടായിരുന്ന സമ്മർദ്ദത്തിന് അയവു വരുത്താൻ പിർലോക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ലീഗ് കിരീടപ്പോരാട്ടത്തിൽ ഇന്ററുമായി പന്ത്രണ്ടു പോയിന്റ് വ്യത്യാസത്തിൽ താഴേക്കു വീണത് പിർലോയുടെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിറുത്തുന്നു.

facebooktwitterreddit