മാനേജർ എന്ന നിലയിൽ എനിക്ക് പോകാൻ കഴിയുന്ന രണ്ടോ മൂന്നോ ടീമുകളെയുള്ളൂ: തന്റെ ഭാവിയെ കുറിച്ചുള്ള മൗനം വെടിഞ്ഞ് സിദാൻ
By Vaisakh. M

2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം മറ്റൊരു ടീമിന്റെയും ചുമതലയേറ്റെടുക്കാത്ത സിനദിൻ സിദാൻ തന്റെ ഭാവിയെ കുറിച്ചുള്ള മൗനം വെടിഞ്ഞു. പരിശീലകനായി തിരിച്ചെത്താനുള്ള തന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങളിൽ രണ്ടോ മൂന്നോ ടീമുകൾ മാത്രമേയുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നിലവിലെ മാനേജർ മൗറിസിയോ പൊച്ചെറ്റീനോയുമായി വേർപിരിയാൻ പോകുന്ന പിഎസ്‌ജിയിലേക്ക് സിദാൻ പുതിയ പരിശീലകനായി എത്തുമെന്ന്പല റിപ്പോർട്ടുകളും ഉയർന്നുവന്നിരുന്നു. എന്നാൽ, ക്ലബിന്റെ അടുത്ത പരിശീലകനായി സിദാൻ എത്തില്ലെന്ന് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ-ഖലൈഫി വ്യക്തമാക്കിയിരുന്നു.
പിഎസ്‌ജി ഒരിക്കലും സിദാനുമായി സംസാരിച്ചിട്ടില്ലെന്ന് അൽ-ഖെലൈഫി പറഞ്ഞു. സിദാനിൽ താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ സിദാൻ തന്നെ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നിരിക്കുകയാണ്. തന്റെ ഓപ്ഷനുകൾ പരിമിതമാണെന്ന് സിദാൻ പറഞ്ഞു.
എന്നെങ്കിലും പിഎസ്‌ജി പരിശീലകനാകാൻ സാധ്യതയുണ്ടോ എന്ന് ലെ'എകിപ് ചോദിച്ചപ്പോൾ, സിദാന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഒരിക്കലും ഒരിക്കലുമില്ലെന്ന് പറയരുത്. ഒരു മാനേജർ എന്ന നിലയിൽ, എനിക്ക് പോകാൻ കഴിയുന്ന 50 ക്ലബ്ബുകളൊന്നുമില്ല. രണ്ടോ മൂന്നോ സാധ്യതകളേയുള്ളു." നേരത്തെ പരിശീലക ജോലിയിലേക്ക് മടങ്ങിയെത്താൻ താൻ ആഗ്രഹിക്കുണ്ടെന്ന് സിദാൻ വെളിപ്പെടുത്തിയിരുന്നു.
സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയെന്നത് സിദാന്റെ മുൻഗണനയാണ്. 2018 ഫിഫ ലോകകപ്പിലും 2020-21 യുവേഫ നേഷൻസ് ലീഗിലും അവരെ കിരീടത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്‌സാണ് നിലവിൽ ഫ്രാൻസിനെ പരിശീലിപ്പിക്കുന്നത്.