ഈ വർഷത്തെ ബാലൺ ഡി ഓർ ആരു നേടണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞ് സിനദിൻ സിദാൻ


1998ൽ സിനദിൻ സിദാൻ ഫുട്ബോളിലെ സമുന്നത വ്യക്തിഗത പുരസ്കാരമായി കണക്കാക്കുന്ന ബാലൺ ഡി ഓർ നേടിയതിനു ശേഷം മറ്റൊരു ഫ്രഞ്ച് താരത്തിനും ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ വർഷം പുരസ്കാരനേട്ടത്തിനു പരിഗണിക്കുന്ന താരങ്ങളിൽ മുൻപന്തിയിലുള്ളവരിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരമായ കരിം ബെൻസിമയും ഉണ്ടെന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് റയൽ മാഡ്രിഡിനു തിരിച്ചടി സമ്മാനിച്ചെങ്കിലും ആ വിടവു നികത്താൻ ബെൻസിമ വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി റയൽ മാഡ്രിഡിനു വേണ്ടിയും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ നാൾ മുതൽ ഫ്രാൻസിനു വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന ബെൻസിമയുടെ സമീപകാലത്തെ ഫോമിനു കാരണക്കാരൻ കൂടിയായ മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ പറയുന്നത് ഫ്രഞ്ച് താരമാണ് ബാലൺ ഡി ഓറിനു അർഹനെന്നാണ്.
"ബെൻസിമ അതർഹിക്കുന്നു. അവിശ്വസനീയ കഴിവുകളുള്ള താരമാണ് അദ്ദേഹം. ബെൻസിമയെ പരിശീലിപ്പിക്കാൻ കഴിഞ്ഞതു തന്നെ വലിയൊരു അംഗീകാരമാണ്. മൈതാനത്ത് എന്തു ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. എല്ലാവരേക്കാളും മുകളിലുള്ള അദ്ദേഹം ബാലൺ ഡി ഓർ ബഹുമതി സ്വന്തമാക്കുമെന്നാണ് ഞാൻ കരുതുന്നത്." സിദാൻ ടെലിഫൂട്ടിനോട് പറഞ്ഞു.
സിദാനു പുറമെ മുൻ ഫ്രാൻസിൽ നിന്നുമുള്ള പരിശീലകനായ ആഴ്സൻ വെങ്ങറും ബെൻസിമ ഈ വർഷത്തെ ബാലൺ ഡി ഓറിന് അർഹനാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ വർഷം ഒരൊറ്റ താരത്തിന് പുരസ്കാരം നേടാൻ മുൻതൂക്കമില്ലെങ്കിലും വ്യക്തിഗത മികവും സ്ഥിരതയാർന്ന പ്രകടനവും പരിഗണിക്കുമ്പോൾ ബെൻസിമ മറ്റെല്ലാവരേക്കാളും മുകളിലാണെന്നാണ് വെങ്ങർ പറഞ്ഞത്.