ആഴ്സണൽ ട്രാൻസ്ഫറിനു പ്രേരിപ്പിച്ചത് രണ്ടു താരങ്ങളോടുള്ള ആരാധനയെന്ന് സിൻചെങ്കോ


മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്സണലിലേക്കു ചേക്കേറാൻ പ്രേരിപ്പിച്ചത് രണ്ടു താരങ്ങളോടുള്ള ആരാധനയാണെന്ന് യുക്രൈൻ ഫുൾ ബാക്കായ ഓലക്സാണ്ടർ സിൻചെങ്കോ. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്സണലിൽ എത്തിയ താരം ഫാബ്രിഗാസ്, ഹെൻറി എന്നീ മുൻ ആഴ്സണൽ താരങ്ങളോടുള്ള ആരാധനയാണു വെളിപ്പെടുത്തിയത്.
"എന്റെ ബാല്യകാല സ്വപ്നം യാഥാർഥ്യമായി എന്നാണു പറയാൻ ആഗ്രഹിക്കുന്നത്. കാരണം ചെറുപ്പത്തിൽ ഞാൻ ഇവരുടെ വലിയ ആരാധകൻ ആയിരുന്നു. തിയറി ഹെൻറിയും സെസ് ഫാബ്രിഗസും കളിക്കുന്ന സമയത്ത് ഞാൻ അപ്പോഴുള്ള ആഴ്സനലിന്റെ മത്സരങ്ങൾ ആസ്വദിച്ചിരുന്നു."
💛🖤 Welcome, Alex 🖤💛
— Arsenal (@Arsenal) July 22, 2022
"തീർച്ചയായും ഞാനീ ക്ലബ്ബിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു, മത്സരത്തിൽ കളിക്കാൻ ആവേശത്തോടെയും അക്ഷമയോടെയും ഞാൻ കാത്തിരിക്കയാണ്. ഇത് അവിശ്വസനീയമാണ്, ഞാൻ പറഞ്ഞ പോലെ ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. കുട്ടിയാകുമ്പോൾ എനിക്കതേക്കുറിച്ച് സ്വപ്നം കാണാൻ കഴിയില്ലായിരുന്നു. ഇപ്പോഴത് നടന്നു, ഞാൻ സന്തോഷവാനാണ്." സിൻചെങ്കോ പറഞ്ഞു.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്സണലിൽ എത്തുന്ന രണ്ടാമത്തെ താരമാണ് സിൻചെങ്കോ. നേരത്തെ ഗബ്രിയേൽ ജീസസും ആഴ്സണലിൽ എത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ ലെഫ്റ്റ് ബാക്ക് ആയിരുന്നെങ്കിലും ആഴ്സണലിൽ സിൻചെങ്കോ മധ്യനിരയിലാണ് കളിക്കുക എന്നാണു സൂചനകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.