യുക്രൈനു പിന്തുണയുമായി മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ ആരാധകർ ഒരുമിച്ചു; കണ്ണീരണിഞ്ഞ് സിൻചെങ്കോ


റഷ്യ അധിനിവേശം നടത്തുന്ന യുക്രൈനു പിന്തുണ നൽകി മാഞ്ചസ്റ്റർ സിറ്റിയുടെയും എവർട്ടണിന്റെയും ആരാധകർ ഒരുമിച്ചപ്പോൾ വികാരാധീനനായി കണ്ണീരണിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയുടെ യുക്രൈൻ താരമായ ഒലക്സാണ്ടർ സിൻചെങ്കോ. ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിനു മുന്നോടിയായി താരങ്ങൾ വാംഅപ്പ് ചെയ്യുമ്പോഴാണ് ആരാധകർ യുക്രൈനു പിന്തുണയുമായി എത്തിയത്.
മത്സരത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ ആരാധകരും താരങ്ങളും ഒരുമിക്കുന്ന കാഴ്ചയാണ് കണ്ടത്. മാഞ്ചസ്റ്റർ സിറ്റി ആരാധകർ യുക്രൈന്റെ പതാക പതിപ്പിച്ച ടീഷർട്ട് ജേഴ്സിക്കു മുകളിൽ ധരിച്ചാണ് ലൈനപ്പിനായി എത്തിയത്. അതേസമയം എവർട്ടൺ താരങ്ങൾ യുക്രൈന്റെ പതാക തങ്ങളുടെ തോളിലൂടെ പുതച്ചും യുദ്ധത്തിനെതിരെ ഫുട്ബോൾ ലോകം ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന സന്ദേശം നൽകി.
Oleksandr Zinchenko in tears before kick-off as both teams show their support for Ukraine.
— SPORTbible (@sportbible) February 26, 2022
Heartbreaking.???pic.twitter.com/Zeo4oWw8S5
ഇതിനു പുറമെയാണ് ആരാധകർ തങ്ങളുടെ പിന്തുണ നൽകിയത്. സിൻചെങ്കോക്കു പുറമെ എവർട്ടൺ താരമായ മൈകോലെങ്കോയും യുക്രൈനിൽ നിന്നുള്ള കളിക്കാരനാണ്. ആരാധകർ യുക്രൈന് പിന്തുണ നൽകുന്ന ബാനറുകൾ ഉയർത്തിയപ്പോൾ സിൻചെങ്കോ കണ്ണീരണിയുന്നതാണ് കണ്ടത്. അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി താരവും മൈകോലങ്കോയും പരസ്പരം പുണർന്ന് തങ്ങളുടെ വേദന കൈമാറിയത് മത്സരം കണ്ട ആരാധകർക്കും വൈകാരികത സമ്മാനിച്ച നിമിഷങ്ങളായിരുന്നു.
Zinchenko & Mykolenko sharing an embrace during the warm-up.
— SPORTbible (@sportbible) February 26, 2022
❤️??pic.twitter.com/dZ6mfzLJqM
ഈ രണ്ടു താരങ്ങളും റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ തങ്ങളുടെ പ്രതികരണം അറിയിച്ചിരുന്നു. തന്റെ രാജ്യത്തെ സാഹചര്യങ്ങൾ ലോകത്തെ എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും യുക്രൈൻ തങ്ങളുടെ രാജ്യമാണെന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ച സിൻചെങ്കോ യുക്രൈൻ വിജയം നേടട്ടെ എന്നാശംസിക്കുകയും ചെയ്തിരുന്നു.
യുക്രൈനിൽ റഷ്യൻ സൈനികർ നടത്തുന്ന അധിനിവേശത്തിനും ആക്രമണത്തിനും എതിരെ ശക്തമായ പ്രതിഷേധമാണ് ഫുട്ബോൾ ലോകത്തു നിന്നും ഉണ്ടാകുന്നത്. യൂറോപ്പിലെ ചെറുതും വലുതുമായ ക്ലബുകൾ തങ്ങളുടെ പ്രതിഷേധം മത്സരങ്ങളുടെ ഇടയിൽ കാണിക്കുന്നതിന്റെ കൂടെ റഷ്യൻ ഫുട്ബോൾ താരങ്ങളിൽ ചിലരും ഇതിനെതിരെ പ്രതികരിക്കുകയുണ്ടായി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.