പിഎസ്‌ജി പരിശീലകനാവണമെങ്കിൽ നെയ്‌മറെ ടീമിൽ നിന്നുമൊഴിവാക്കണമെന്ന് സിദാൻ ആവശ്യപ്പെട്ടു
By Sreejith N

ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാൻ പിഎസ്‌ജിയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ഏതാനും ആഴ്‌ചകളായി ശക്തമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം അതിനുള്ള സാധ്യതകൾ അദ്ദേഹം തള്ളിയിരുന്നു. എന്നാൽ ഭാവിയിൽ പിഎസ്‌ജി പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അതിനൊപ്പം വ്യക്തമാക്കി.
ഈ സമ്മറിൽ പിഎസ്‌ജി പരിശീലകനാവാനുള്ള സാധ്യത ഒട്ടുമില്ലെങ്കിലും ഫ്രഞ്ച് ക്ലബുമായി സിദാൻ കരാർ ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് സ്‌പാനിഷ് മാധ്യമം മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫ്രഞ്ച് ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് സിദാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിദാൻ പിഎസ്‌ജി പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾക്കു സമാന്തരമായി നെയ്‌മർ ക്ലബ് വിടുമെന്ന വാർത്തകളും വളരെ സജീവമായി ഉണ്ടായിരുന്നു. നെയ്‌മറെ വിൽക്കാൻ പിഎസ്‌ജി ആലോചിച്ചത് തന്നെ സിദാൻ ഈ ആവശ്യം മുന്നോട്ടു വെച്ചതു കൊണ്ടാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം താൻ പിഎസ്‌ജി വിടാൻ ഒരുക്കമല്ലെന്നാണ് നെയ്‌മർ വ്യക്തമാക്കിയത്.
ഖത്തർ അമീർ സിദാനെ പിഎസ്‌ജി പരിശീലകനായി നിയമിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചതായും സ്‌പാനിഷ് മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പറയുന്നു. മുപ്പത്തിമൂന്നു മില്യൺ യൂറോ വരെ സിദാന് അദ്ദേഹം ക്ലബ്ബിനെ ഏറ്റെടുക്കാൻ ഓഫർ ചെയ്യുകയുമുണ്ടായി.എന്നാൽ സിദാൻ അതു നിരസിച്ചതോടെ ക്രിസ്റ്റഫെ ഗാൾട്ടിയറെ പരിശീലകനായി എത്തിക്കാൻ ഒരുങ്ങുകയാണ് പിഎസ്‌ജി.
അതേസമയം നെയ്‌മർ പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴും ശക്തമാണ്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയാണ് താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ രംഗത്തുള്ളത്. 2025 വരെയാണ് നെയ്‌മർക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.