Real Madrid News

റയൽ മാഡ്രിഡ് എല്ലാം വിജയിക്കുമെന്ന് പറയുന്നില്ല, പക്ഷെ എല്ലാം നൽകി പൊരുതുമെന്ന് സിദാൻ

Sreejith N
Real Madrid v Osasuna - La Liga Santander
Real Madrid v Osasuna - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ലാ ലീഗയിൽ ഇനി വരാനിരിക്കുന്ന എല്ലാ മത്സരവും നിർണായകമാണെന്നിരിക്കെ ഒസാസുനക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടി ലീഗ് കിരീട പ്രതീക്ഷകൾ നിലനിർത്തി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഒസാസുനക്കെതിരെ വിജയിച്ചത്. ബ്രസീലിയൻ താരങ്ങളായ എഡർ മിലിറ്റാവോയും കസമീറോയുമാണ് റയലിന്റെ ഗോളുകൾ നേടിയത്.

മത്സരത്തിൽ പരിക്കു മൂലം ഹാഫ് ടൈമിൽ പിൻവലിക്കപ്പെട്ട റാഫേൽ വരാനെ ചെൽസിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നലത്തെ മത്സരത്തിനു ശേഷം ആത്മവിശ്വാസത്തിലാണ് പരിശീലകനായ സിദാൻ സംസാരിച്ചത്. റയൽ മാഡ്രിഡ് എല്ലാ കിരീടത്തിനും വേണ്ടി അവസാനം വരെ പൊരുതുമെന്ന് അദ്ദേഹം പറഞ്ഞു.

"ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് ഞങ്ങൾക്ക് വിലപ്പെട്ട മൂന്നു പോയിന്റ് ലഭിച്ചു, ഞങ്ങൾ അവസാനം വരെ പൊരുതാൻ പോവുകയാണ്. ഞങ്ങൾക്കതിനു കഴിയും. ഞങ്ങൾ എല്ലാം വിജയിക്കുമെന്ന് ഞാനൊരിക്കലും പറയുന്നില്ല. പക്ഷെ വിജയിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്തിരിക്കും." സിദാൻ വ്യക്തമാക്കി.

അതേസമയം റാഫേൽ വരാനെയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സിദാൻ വിശ്വസിക്കുന്നത്. "അതൊരു ചെറിയ പരിക്കാണെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ എനിക്ക് നിങ്ങളോട് പറയാനാവില്ല. പരിക്ക് ഗുരുതരമല്ലെന്നാണ് വരാനെ പറഞ്ഞത്, ഞാനും അത് വിശ്വസിക്കുന്നു." സിദാൻ വ്യക്തമാക്കി.

വളരെക്കാലത്തിനു ശേഷം ആദ്യ ഇലവനിൽ തിരിച്ചെത്തി എഴുപതു മിനുട്ടോളം കളിക്കളത്തിൽ ചിലവഴിച്ച ഈഡൻ ഹസാർഡിന്റെ പ്രകടനത്തെയും സിദാൻ പ്രശംസിച്ചു. ബെൽജിയൻ താരം മികച്ച പ്രകടനം കാഴ്‌ച വെച്ചുവെന്നും ബെൻസിമയോട് ചേർന്നു കളിക്കുമ്പോൾ കൂടുതൽ മികവ് കാണിക്കാൻ കഴിയുന്നുണ്ടെന്നുമാണ് സിദാൻ പ്രതികരിച്ചത്.

facebooktwitterreddit