റയൽ മാഡ്രിഡ് രണ്ടോ മൂന്നോ ഗോളിനു തോൽക്കേണ്ടതായിരുന്നു, തോൽവിക്ക് യാതൊരു ന്യായീകരണവും നൽകാനില്ലെന്ന് സിദാൻ

FBL-ESP-LIGA-REAL MADRID-CADIZ
FBL-ESP-LIGA-REAL MADRID-CADIZ | PIERRE-PHILIPPE MARCOU/Getty Images

ലാ ലീഗയിലേക്ക് പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ടീമായ കാഡിസിനെതിരെ റയലിന്റെ ആദ്യ പകുതിയിലെ പ്രകടനം ദയനീയമായിരുന്നുവെന്നും രണ്ടോ മൂന്നോ ഗോളുകൾ ടീം വഴങ്ങേണ്ടിയിരുന്നുവെന്നും സമ്മതിച്ച് പരിശീലകൻ സിദാൻ. മത്സരത്തിലെ തോൽവിക്ക് യാതൊരു വിധ ന്യായീകരണവും തനിക്ക് നൽകാനില്ലെന്നും ഫ്രഞ്ച് പരിശീലകൻ വ്യക്തമാക്കി. റയലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച കാഡിസ് നാല് മത്സരങ്ങളിൽ മൂന്നു വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ്, ഗെറ്റാഫെ, ഗ്രനഡ എന്നീ ക്ലബുകൾക്കൊപ്പം മുൻനിരയിൽ നിൽക്കുകയാണ്.

"ഒരു വിശദീകരണവുമില്ല, സംഭവിച്ച കാര്യത്തിൽ ഞങ്ങൾ സന്തോഷവാന്മാരുമല്ല. എന്നാൽ ഫുട്ബോളിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്. മോശമായാണ് ഞങ്ങൾ മത്സരം തുടങ്ങിയത് തന്നെ.

"തുടക്കം മുതൽ മത്സരം കടുപ്പമായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ കുറച്ചു കൂടി ഭേദമായിരുന്നു. എന്നാൽ മത്സരത്തിലേക്ക് വരാൻ ഞങ്ങൾക്കായില്ല. കായികപരമായി ഞങ്ങൾക്ക് മുൻ‌തൂക്കം ലഭിച്ചില്ല. അവസരങ്ങൾ ഒരുക്കുന്നതിൽ മത്സരങ്ങളുടെ തുടക്കം പ്രധാനമാണ്. അതിനു ഞങ്ങൾക്ക് കഴിഞ്ഞില്ല," സിദാൻ വ്യക്തമാക്കി.

പരിക്കേറ്റ സെർജിയോ റാമോസടക്കം രണ്ടാം പകുതിയിയുടെ തുടക്കത്തിൽ തന്നെ നാല് താരങ്ങൾക്കാണ് സിദാൻ പകരക്കാരെ ഇറക്കിയത്. അടുത്തയാഴ്ച എൽ ക്ലാസിക്കോ നടക്കാനിരിക്കെ റയൽ നായകനേറ്റ പരിക്ക് ആരാധകർക്ക് ആശങ്കയാണെങ്കിലും അത് ചെറിയ പരിക്കാണെന്നും സാരമുള്ളതല്ലെന്നുമാണ് സിദാൻ പറയുന്നത്. ഈയാഴ്ച ഷാക്തറിനെതിരെ ചാമ്പ്യൻസ് ലീഗിലും അതിനു ശേഷം എൽ ക്ലാസിക്കോയും വരുന്നുണ്ടെങ്കിലും ടീം തിരിച്ചു വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

"അടുത്ത മത്സരത്തെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത്. നല്ല രീതിയിൽ വിശ്രമിച്ച് വിജയം നേടാൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയുമാണ് വേണ്ടത്. ഈ മത്സരം താരങ്ങളടക്കം എല്ലാവർക്കും മോശമായിരുന്നുവെങ്കിലും അതിനെ അടുത്ത മത്സരത്തിൽ മാറ്റിയെടുക്കാനാണ് റയൽ ശ്രമിക്കുക," സിദാൻ പറഞ്ഞു.