Football in Malayalam

സമനിലയിൽ കുരുങ്ങി റയൽ മാഡ്രിഡ്, തന്ത്രങ്ങളിൽ വരുത്തിയ മാറ്റം പിഴച്ചതാകാമെന്ന് സിദാൻ

Sreejith N
Real Madrid v Real Sociedad - La Liga Santander
Real Madrid v Real Sociedad - La Liga Santander / Gonzalo Arroyo Moreno/Getty Images
facebooktwitterreddit

റയൽ സോസിഡാഡിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങാൻ കാരണം ടീമിന്റെ തന്ത്രങ്ങളിൽ താൻ വരുത്തിയ മാറ്റമായിരിക്കാമെന്ന് പരിശീലകൻ സിനദിൻ സിദാൻ. റയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ക്രിസ്റ്റ്യൻ പോർട്ടു നേടിയ ഗോളിൽ മുന്നിലെത്തിയ റയൽ സോസിഡാഡിനെതിരെ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലാണ് റയൽ മാഡ്രിഡ് രക്ഷപ്പെട്ടത്.

ആദ്യപകുതിക്ക് ശേഷം ടീമിന്റെ ഫോർമേഷനിൽ തന്നെ സിദാൻ മാറ്റങ്ങൾ വരുത്തിയിരുന്നു. പിൻനിരയിൽ നാല് താരങ്ങൾക്ക് പകരം മൂന്നു സെൻട്രൽ ഡിഫൻഡർമാരെ സിദാൻ അണിനിരത്തിയതിനു പിന്നാലെയാണ് അൻപത്തിയാറാം മിനുട്ടിൽ പോർട്ടു ഗോൾ കണ്ടെത്തിയത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സിദാൻ ഇതേക്കുറിച്ച് വ്യക്തമാക്കുകയും ചെയ്‌തു.

"ടീമിന്റെ പ്രെസിങ്ങിൽ തൃപ്തനല്ലാത്തതു കൊണ്ടാണ് ഞാനതിൽ മാറ്റം വരുത്തിയത്. നിങ്ങളെന്നോട് പല തവണ ചോദിക്കുകയാണെങ്കിൽ ചിലപ്പോൾ അത് ശരിയായിരിക്കാം," ഫോർമേഷനിൽ വരുത്തിയ മാറ്റമാണോ മത്സരത്തിൽ വിജയം നേടുന്നതിന് തടസമായതെന്ന ചോദ്യത്തിന് സിദാൻ മറുപടി പറഞ്ഞു.

"ഒരു മണിക്കൂറിനു ശേഷം ടീം തളർന്നുവെന്നു തോന്നിയപ്പോഴാണ് മാറ്റങ്ങൾ വരുത്തിയത്. ചില സമയത്ത് അത് പോലെയുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ടീമിന്റെ ചലനാത്മകതയിൽ മാറ്റം വരുത്തുന്നതിനുള്ള കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും."

അടുത്ത മത്സരത്തിൽ നഗരവൈരികളായ അത്ലറ്റികോ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ച് നിരാശയാണ് ഇന്നലത്തെ സമനില സമ്മാനിച്ചത്. നിലവിൽ ഒരു മത്സരം കുറവ് കളിച്ച് റയൽ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളേക്കാൾ അഞ്ചു പോയിന്റ് വ്യത്യാസത്തിലാണ് അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

facebooktwitterreddit