Real Madrid News

റയലിനൊപ്പമുള്ള നേട്ടങ്ങൾക്കു കാരണം ഭാഗ്യം മാത്രമോ, മറുപടി നൽകി സിദാൻ

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

മറ്റു പലർക്കും സ്വപ്‌നം കാണാൻ കഴിയാത്ത നേട്ടമാണ് റയൽ മാഡ്രിഡ് പരിശീലകനായി വളരെ ചുരുങ്ങിയ കാലം കൊണ്ട് സിദാൻ സ്വന്തമാക്കിയത്. രണ്ടു തവണയായി അഞ്ചു വർഷത്തോളം സിദാൻ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചപ്പോൾ മൂന്നു ചാമ്പ്യൻസ് ലീഗും രണ്ടു ലാ ലീഗയുമുൾപ്പെടെ നിരവധി കിരീടങ്ങളാണ് റയലിന്റെ ഷെൽഫിലെത്തിയത്. ഈ സീസണിലും രണ്ടു കിരീടങ്ങൾ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് അവസരവുമുണ്ട്.

അതേസമയം പരിശീലകനെന്ന രീതിയിലുള്ള മികവിനേക്കാളുപരി ഐതിഹാസികമായ ഈ നേട്ടങ്ങൾ സ്വന്തമായത് സിദാന്റെയും റയൽ മാഡ്രിഡിന്റെയും ഭാഗ്യം കൊണ്ടു കൂടിയാണെന്നു വാദിക്കുന്നവരുമുണ്ട്, കഴിഞ്ഞ ദിവസം അതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് താൻ ഏറ്റവും മികച്ച പരിശീലകനല്ലെങ്കിലും ഒരു ദുരന്ത പരിശീലകനല്ലെന്നാണ് സിദാൻ മറുപടി പറഞ്ഞത്.

"എനിക്ക് വളരെയധികം ഭാഗ്യമുണ്ടോ? അതെ, ഇത്രയും വലിയൊരു ക്ലബിനൊപ്പം തുടരാൻ കഴിയുന്നതിൽ. ഞാനൊരു ദുരന്തമായ പരിശീലകനാണെന്നു കരുതുന്നില്ല, ഞാൻ ഏറ്റവും മികച്ചവനുമല്ലെന്നുറപ്പാണ്. ചിലപ്പോൾ എല്ലാം ശരിയായ രീതിയിൽ ചെയ്യണമെന്നു തന്നെയില്ലെങ്കിലും ഏറ്റവും പ്രധാനമായി വേണ്ടത് അഭിനിവേശമാണ്. അത് നല്ലതോ മോശമോ ആയി മാറിയേക്കാം."

"എല്ലാ ദിവസവും നൂറു ശതമാനം മികവും നൽകുകയെന്നത് പ്രധാനമാണ്. അത് ഞാനും എന്റെ കളിക്കാരും ചെയ്യുന്നുണ്ട്. പല രീതിയിലുള്ള കാര്യങ്ങൾ ഇതേക്കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും ഞാനൊരിക്കലും മാറാൻ പോകുന്നില്ല. മാധ്യമങ്ങളോട് ഞങ്ങളുടെ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാനാണ് എനിക്ക് താൽപര്യമെങ്കിലും നിങ്ങൾക്ക് താല്പര്യം മറ്റു പല കാര്യങ്ങളിലുമാണെന്നു തോന്നുന്നു." സിദാൻ പറഞ്ഞു.

അതേസമയം റയൽ മാഡ്രിഡിൽ തുടരുന്ന കാര്യത്തെക്കുറിച്ച് സിദാൻ വ്യക്തത വരുത്തിയില്ല. അടുത്ത മത്സരത്തിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നു പറഞ്ഞ സിദാൻ നിരവധി വർഷങ്ങളുടെ കരാർ ബാക്കിയുള്ളവർ ചിലപ്പോൾ നാളെത്തന്നെ പോയേക്കാമെന്നും മറ്റു ചിലർ വർഷങ്ങളോളം തുടരാമെന്നും പറഞ്ഞു.

facebooktwitterreddit