പോച്ചട്ടിനോക്ക് പകരക്കാരനായി സിദാൻ പിഎസ്‌ജിയുടെ പരിശീലകനാകും
By Sreejith N

മൗറീസിയോ പോച്ചട്ടിനോക്ക് പകരക്കാരനായി പിഎസ്‌ജിയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കും. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ട് ചെയ്‌തതു പ്രകാരം പിഎസ്‌ജി പരിശീലകനായി ചുമതല ഏറ്റെടുക്കാൻ സിദാനെക്കൊണ്ട് സമ്മതം മൂളിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സീസണു ശേഷമാവും ഫ്രാൻസിന്റെ ഇതിഹാസതാരമായ സിദാൻ പിഎസ്‌ജിയുടെ ചുമതല ഏറ്റെടുക്കുക.
ആർഎംസിയുടെ ജേർണലിസ്റ്റായ ഡാനിയൽ റയോളയാണ് അടുത്ത സീസണിൽ സിദാൻ പിഎസ്‌ജിയെ നയിക്കുകയെന്ന റിപ്പോർട്ട് പുറത്തു വിട്ടത്. ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ ആദ്യം റിപ്പോർട്ട് ചെയ്‌തതും ഡാനിയൽ റയോള ആയതിനാൽ ഇത് ആധികാരികമായ ഒന്നായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പിഎസ്‌ജി ആരാധകരെ സംബന്ധിച്ച് അവർ ആഗ്രഹിച്ച ഒരു വാർത്തയുമാണിത്.
തോമസ് ടുഷെലിനെ പുറത്താക്കിയ ഒഴിവിൽ പിഎസ്‌ജിയിൽ എത്തിയ മൗറീസിയോ പോച്ചട്ടിനോ ഫ്രഞ്ച് ക്ലബിനൊപ്പം ആദ്യത്തെ മുഴുനീള സീസണാണ് പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നത്. ടീമിലെ സൂപ്പർതാരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന വിമർശനം നേരിടുന്ന പോച്ചട്ടിനോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സിദാൻ പിഎസ്‌ജിയിലേക്കെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നത്.
സിദാനെ പരിശീലകനാക്കി നിയമിക്കാൻ പിഎസ്‌ജി തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിനു എംബാപ്പയെ ക്ലബിനൊപ്പം നിലനിർത്തുകയെന്ന ലക്‌ഷ്യം കൂടിയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. നിലവിലെ സാഹചര്യത്തിൽ പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിടാൻ എംബാപ്പയെക്കൊണ്ട് സമ്മതം മൂളിക്കാൻ കഴിയുന്ന ഒരേയൊരാൾ സിദാൻ തന്നെയാണ്. റയൽ മാഡ്രിഡിനു തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത സിദാനു കീഴിൽ കളിക്കാൻ എംബാപ്പയും ആഗ്രഹിക്കുന്നുണ്ടാകും.
പിഎസ്‌ജി ആരാധകരെ സംബന്ധിച്ച് സിദാൻ പരിശീലകനായി എത്തുന്നത് ആഹ്ലാദകരമായ വാർത്ത തന്നെയാണ്. റയൽ മാഡ്രിഡിൽ വമ്പൻ താരങ്ങളെ അനായാസമായി കൈകാര്യം ചെയ്‌തിട്ടുള്ള സിദാന് പിഎസ്‌ജിയിലും അതിനു കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സീസണിൽ നിരവധി മികച്ച താരങ്ങൾ ടീമിലെത്തിയിട്ടും പിഎസ്‌ജി പതറുന്നതിന്റെ പ്രധാന കാരണം ടീമിലെ ഹെവിവെയ്റ്റുകളെ കൃത്യമായി കൈകാര്യം ചെയ്യാൻ പോച്ചട്ടിനോക്ക് കഴിയാത്തതാണെന്ന വിമർശനം നേരത്തെ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.