La Liga

ലാ ലിഗ കിരീടം നഷ്ടമായതിൽ നിരാശയുണ്ടെങ്കിലും റയൽ താരങ്ങളിൽ അഭിമാനമുണ്ടെന്ന് സിദാൻ, അത്ലറ്റികോ മാഡ്രിഡിന് അഭിനന്ദനം

Sreejith N
Real Madrid v Villarreal CF - La Liga Santander
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

ലാ ലിഗ കിരീടം റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തിയതിൽ നിരാശയുണ്ടെങ്കിലും ടീമിലെ താരങ്ങൾ നടത്തിയ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ സിനദിൻ സിദാൻ. കിരീടം നേടാൻ അവസാന മത്സരത്തിൽ വിജയവും അത്ലറ്റികോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തുന്നതും അനിവാര്യമായിരുന്ന റയൽ പിന്നിൽ നിന്നു തിരിച്ചടിച്ച് അവസാന മിനിറ്റുകളിൽ വിജയം കണ്ടെത്തിയെങ്കിലും അത്ലറ്റികോ മാഡ്രിഡ് വയ്യഡോളിഡിനെതിരെ വിജയം നേടിയതോടെ കിരീടം അവർക്കു സ്വന്തമാവുകയായിരുന്നു.

ലാ ലിഗയും നഷ്ടമായതോടെ ഒരു കിരീടം പോലുമില്ലാതെയാണ് ഈ സീസൺ റയൽ മാഡ്രിഡ് അവസാനിപ്പിച്ചത്. 2009-10നു ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ വെല്ലുവിളികൾ നിറഞ്ഞ ഒരു സീസണായിരുന്നിട്ടു കൂടി റയൽ മാഡ്രിഡ് താരങ്ങൾ നടത്തിയ മികച്ച പ്രകടനത്തെ സിദാൻ മത്സരത്തിനു ശേഷം പ്രശംസിച്ചു.

"ഞാൻ വളരെ അസ്വസ്ഥനാണ്. ഞങ്ങൾ ലാ ലിഗ നേടിയില്ലെന്നതു തന്നെയാണ് നിങ്ങളുടെ ചോദ്യത്തിന് എന്റെ മറുപടി. അത്ലറ്റികോയെ ഞങ്ങൾ അഭിനന്ദിക്കുന്നു. അവർ കിരീടവിജയം അർഹിച്ചിരുന്നു. ഏറ്റവും മുകളിൽ ആരെത്തുന്നുവോ, അവരത് അർഹിക്കുന്നുണ്ട്." സിദാൻ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് റയൽ മാഡ്രിഡ് താരങ്ങൾ ചെയ്‌ത കാര്യങ്ങളാണ്. റയൽ മാഡ്രിഡ് ആരാധകരോടും ഞാൻ നന്ദി പറയുന്നു. പുറത്തു നിന്നും ക്ലബിനു വേണ്ട പിന്തുണ നൽകിയത് അവരാണ്. താരങ്ങളെക്കുറിച്ചും എല്ലാവര്ക്കും അഭിമാനിക്കാം, ഈ സീസണിൽ കഴിവിന്റെ മുഴുവനും അവർ നൽകിയിരുന്നു." സിദാൻ വ്യക്തമാക്കി.

അടുത്ത സീസണിൽ ക്ലബിനൊപ്പം താൻ തുടരുമോയെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ഇത്തവണയും സിദാൻ നൽകിയില്ല. സമയമാകുമ്പോൾ, എല്ലാം ശാന്തമാകുമ്പോൾ ക്ലബ് നേതൃത്വവുമായി അതേക്കുറിച്ചു ചർച്ച ചെയ്‌ത്‌ തീരുമാനങ്ങൾ എടുക്കുമെന്നാണ് ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് സിദാൻ പ്രതികരിച്ചത്.

facebooktwitterreddit