Real Madrid News

'ഒരിക്കലും ഞാനെന്റെ താരങ്ങളോടതു പറയില്ല' - റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് സിദാൻ

Sreejith N
Athletic Club v Real Madrid - La Liga Santander
Athletic Club v Real Madrid - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ഈ സീസണു ശേഷം റയൽ മാഡ്രിഡ് വിടുമെന്ന കാര്യം ടീമിലെ താരങ്ങളെ നേരത്തെ അറിയിച്ചുവെന്നു അഭ്യൂഹങ്ങൾ നിഷേധിച്ച് പരിശീലകൻ സിനദിൻ സിദാൻ. ഇന്നലെ അത്‌ലറ്റിക് ക്ലബിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയം നേടി ലാ ലിഗ കിരീടം നേടാനുള്ള സാധ്യതകളെ സജീവമായി നിലനിർത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സിദാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഗോൾ ഉൾപ്പെടെ നിരവധി യൂറോപ്യൻ മാധ്യമങ്ങളാണ് സിദാൻ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന കാര്യം ഉറപ്പിച്ചു വ്യക്തമാക്കിയത്. സെവിയ്യക്കെതിരെ റയൽ മാഡ്രിഡ് സമനില വഴങ്ങിയ മത്സരത്തിനു ശേഷമാണ് താരങ്ങളെ സിദാൻ ഇക്കാര്യം അറിയിച്ചതെന്നും മാനസിക പിരിമുറുക്കമാണ് ഫ്രഞ്ച് പരിശീലകൻ ക്ലബ് വിടാനെടുത്ത തീരുമാനത്തിനു പുറകിലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

"ഞാനിപ്പോൾ ക്ലബ് വിടുകയാണെന്ന കാര്യം എങ്ങിനെയാണ് കളിക്കാരോട് പറയുക? ഞങ്ങൾ കിരീടത്തിനു വേണ്ടി എല്ലാം നൽകി പൊരുതുന്നതിനിടയിൽ ഞാൻ ഒഴിവാകുന്ന കാര്യം പറയുകയോ? പുറത്തുള്ളവർക്ക് അവരുടെ ഇഷ്ടം പോലെ ചെയ്യാം. എന്നാൽ ഞാനൊരിക്കലും എന്റെ താരങ്ങളോട് അതു പറയില്ല." സിദാൻ അത്‌ലറ്റിക് ബിൽബാവോക്കെതിരായ മത്സരശേഷം പറഞ്ഞു.

അത്‌ലറ്റിക് ക്ലബിനെതിരായ മത്സരത്തിലെ ജയം അവസാന കളിയിലും ആവർത്തിക്കുകയും അത്ലറ്റികോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്‌താൽ റയൽ മാഡ്രിഡിന് കിരീടം സ്വന്തമാകും. റയലിനു ഏഴാം സ്ഥാനത്തുള്ള വിയ്യാറയലും അത്ലറ്റികോ മാഡ്രിഡിനു പത്തൊൻപതാം സ്ഥാനത്തുള്ള റയൽ വയ്യഡോളിഡുമാണ് എതിരാളികൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit