La Liga

വമ്പൻ പരിശീലകരെയും ക്ലബുകളെയും ഒന്നൊന്നായി വീഴ്ത്തി സിദാൻ കുതിക്കുന്നത് ഇരട്ടക്കിരീടത്തിലേക്ക്

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

നിർണായകമായ മത്സരങ്ങളിൽ തിളങ്ങാൻ കഴിയുന്ന നിരവധി താരങ്ങളെ ഫുട്ബോൾ ലോകത്ത് കണ്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ അതിനൊരു ഉദാഹരണമായി നിൽക്കുമ്പോൾ കളിക്കാരനായപ്പോഴും പരിശീലകനായപ്പോഴും സുപ്രധാന മത്സരങ്ങളിൽ മികവ് കാണിക്കാൻ കഴിയുന്ന ചിലരെ ഉണ്ടാവുകയുള്ളു. റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാൻ ആ ഗണത്തിലുൾപ്പെട്ടതാണ്.

ഈ സീസണിൽ സ്ഥിരതയില്ലാതെ തുടങ്ങിയ റയൽ മാഡ്രിഡ് സീസൺ അവസാനിക്കാനിരിക്കെ ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമായാണ് മാറിയിരിക്കുന്നത്. ഒരു താരത്തെ പോലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാതെ തന്റെ കയ്യിലുള്ള വിഭവങ്ങളെ സമർത്ഥമായി ഉപയോഗിച്ച സിദാന്റെ മികവു തന്നെയാണ് റയലിന്റെ ഫോമിന് പിന്നിലെ പ്രധാന കാരണം.

കഴിഞ്ഞ എൽ ക്ലാസികോ മത്സരത്തിൽ വിജയം നേടി ബാഴ്‌സലോണയെ പിന്തള്ളി ലാ ലിഗ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ റയൽ മാഡ്രിഡ് കിരീടപ്പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സീസണിൽ ലീഗിൽ നടന്ന രണ്ട് എൽ ക്ലാസികോയിലും വിജയിക്കാൻ റയലിന് കഴിഞ്ഞിട്ടുണ്ട്. 2007-08 സീസണിൽ ബെർണാഡ് ഷൂസ്റ്റർ പരിശീലകനായിരിക്കുമ്പോഴാണ് അവസാനമായി റയൽ രണ്ട് എൽ ക്ലാസിക്കോയും ജയിക്കുന്നത്.

ഈ സീസണിലെ കുതിപ്പിൽ നിരവധി വമ്പൻ പരിശീലകരാണ് സിദാന് മുന്നിൽ കീഴടങ്ങിയത്. ലാ ലിഗ, ചാമ്പ്യൻസ് ലീഗ് എന്നിവയിലായി റൊണാൾഡ്‌ കൂമാൻ, യാർഗൻ ക്ളോപ്പ്, ഡീഗോ സിമിയോണി, ജിയാൻ പിയെറോ ഗാസ്പെരിനി, അന്റോണിയോ കൊണ്ടേ എന്നിവരാണ് സിദാന് മുന്നിൽ ഈ സീസണിൽ കീഴടങ്ങിയ പ്രമുഖ പരിശീലകർ.

പരിക്കു മൂലം ടീമിലെ രണ്ടു പ്രധാന പ്രതിരോധ താരങ്ങളെയും നഷ്ടമായ അവസരത്തിലാണ് സിദാൻ ടീമിനെക്കൊണ്ട് എൽ ക്ലാസിക്കോയിൽ മികച്ച പ്രകടനം കാഴ്‌ച വെപ്പിച്ചത്. സീസണിന്റെ തുടക്കത്തിലേ നിരാശ പിന്നീട് മികച്ച പ്രകടനമാക്കി മാറ്റാൻ കഴിഞ്ഞ ഫ്രഞ്ച് പരിശീലകനു കീഴിൽ റയൽ ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും റയൽ മാഡ്രിഡിന് തന്നെ സ്വന്തമാകുമെന്നതിൽ സംശയമില്ല.

facebooktwitterreddit