Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് അഭ്യൂഹങ്ങൾക്കിടെ സിദാൻ ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചുവെന്ന് മുൻ ഫ്രഞ്ച് താരം പെറ്റിറ്റ്

Sreejith N
Real Madrid v Sevilla - La Liga Santander
Real Madrid v Sevilla - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സിനദിൻ സിദാൻ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആഴ്‌സനലിന്റെയും ഫ്രാൻസിന്റെയും മുൻ താരമായ ഇമ്മാനുവൽ പെറ്റിറ്റ്. എന്നാൽ സിദാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ സത്യമാണെന്നു താൻ കരുതുന്നില്ലെന്നും ബുക്‌മേക്കേഴ്‌സിനോട് സംസാരിക്കുമ്പോൾ പെറ്റിറ്റ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനു പക്ഷെ ഇത്തവണ മോശം തുടക്കമാണ് ഉണ്ടായിട്ടുള്ളത്. പ്രീമിയർ ലീഗിൽ പതിനൊന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായി ഒൻപതു പോയിന്റ് വ്യത്യാസത്തിൽ ആറാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതിനിടയിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരോട് കനത്ത പരാജയവും ഏറ്റു വാങ്ങിയതോടെയാണ് സോൾഷെയറിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

സോൾഷെയറിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന താരങ്ങളിൽ മുൻപന്തിയിലുള്ളയാളാണ് സിദാൻ. എന്നാൽ പ്രീമിയർ ലീഗിൽ സിദാൻ ഇതുവരെയും കളിച്ചിട്ടില്ല എന്നതിനാൽ ആ അഭ്യൂഹങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്ന് പെറ്റിറ്റ് പറയുന്നു. "ആശയവിനിമയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയൊരു ക്ലബിൽ എത്തിയാൽ നിങ്ങൾ അവിടുത്തെ ഭാഷ സംസാരിച്ചില്ലെങ്കിൽ അതൊരു വലിയ പ്രശ്‌നം തന്നെയാകും."

"സിദാൻ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നു ഞാൻ കേട്ടിരുന്നു, അത് കരിയറിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം മനസിലാക്കിയിരിക്കണം. എന്നാൽ സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു ആത്മാർത്ഥമായും ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരു വലിയ പേരു തന്നെയാണെങ്കിലും പ്രീമിയർ ലീഗിൽ കളിച്ചിട്ടില്ല, അവിടവുമായി വളരെ ചെറിയ ബന്ധവുമേയുള്ളൂ. അതുകൊണ്ടു ഞാനത് വിശ്വസിക്കില്ല." പെറ്റിറ്റ് വ്യക്തമാക്കി.

സിദാന് പുറമെ മറ്റു പരിശീലകരും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. അയാക്‌സിന്റെ എറിക് ടെൻ ഹാഗ്, പിഎസ്‌ജിയുടെ മൗറീസിയോ പോച്ചട്ടിനോ, ലൈസ്റ്റർ സിറ്റിയുടെ ബ്രെണ്ടൻ റോജേഴ്‌സ്, മുൻ ലീപ്‌സിഗ് പരിശീലകൻ റാൽഫ്‌ റാഗ്‌നിക്ക് എന്നിവരെല്ലാം ഇതിലുൾപ്പെടുന്നു.

facebooktwitterreddit