സിദാൻ പിഎസ്‌ജി പരിശീലകനാവും, ഫ്രഞ്ച് ഇതിഹാസം കരാറൊപ്പിടാൻ ഖത്തറിലേക്ക്
By Sreejith N

ഫ്രഞ്ച് ഇതിഹാസതാരം സിനദിൻ സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി ചുമതലയേൽക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ ശക്തമാകുന്നു. ആർഎംസി സ്പോർട്ടിന്റെ ഡാനിയൽ റിയോളോ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം അടുത്ത സീസണിൽ ഫ്രഞ്ച് ക്ലബ്ബിനെ ഏറ്റെടുക്കാൻ സിദാൻ സമ്മതം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കു ഫ്രഞ്ച് ലീഗ് കിരീടം നേടിക്കൊടുക്കാൻ നിലവിലെ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോക്ക് കഴിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് കപ്പിലും ടീം നേരത്തെ പുറത്തായത് ആരാധകരിൽ കടുത്ത അതൃപ്‌തി സൃഷ്‌ടിച്ചിരുന്നു. വമ്പൻ താരങ്ങൾ നിറഞ്ഞ ഒരു ടീമിനെ പരിശീലിപ്പിക്കാൻ ഒരു കരുത്തുറ്റ വ്യക്തിത്വം തന്നെ വേണമെന്നതു കൊണ്ടാണ് സിദാനു വേണ്ടി പിഎസ്‌ജി ശ്രമം ആരംഭിച്ചത്.
Zidane's signing with PSG will be finalised tomorrow.
— Transferchanger (@TransferChanger) June 10, 2022
📲 @RamonFuentes74 pic.twitter.com/oIBDpAQVXK
സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർടീവോയുടെ റാമോൺ ഫ്യൂവന്റസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം പിഎസ്‌ജി കരാർ ഒപ്പിടാൻ സമ്മതമറിയിച്ച സിദാൻ അതിനു വേണ്ടി ഖത്തറിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. ഇതോടെ ഈ വാരാന്ത്യത്തിൽ തന്നെ പോച്ചട്ടിനോയെ പുറത്താക്കുന്നതും സിദാനും പിഎസ്‌ജിയും തമ്മിലുള്ള കരാറിന്റെ വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
നാല്പത്തിയൊമ്പതു വയസുകാരനായ സിനദിൻ സിദാൻ 2020-21 സീസണു ശേഷം റയൽ മാഡ്രിഡ് വിട്ട് പിന്നീടൊരു ക്ലബ്ബിന്റെയും ചുമതല ഏറ്റെടുത്തിട്ടില്ല. റയൽ മാഡ്രിഡിനൊപ്പം രണ്ടു ലീഗ് കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ലീഗും നേടിയിട്ടുള്ള സിദാൻ പിഎസ്‌ജിയിൽ എത്തിയാൽ മെസി, റൊണാൾഡോ എന്നിവരെ പരിശീലിപ്പിച്ച ആദ്യത്തെ മാനേജറായി അദ്ദേഹം മാറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.