നിരന്തര ശ്രമങ്ങൾ ഫലം കാണുന്നു;മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകുന്നതിനോടുള്ള തന്റെ നിലപാടിൽ മാറ്റം വരുത്തി സിദാൻ

By Gokul Manthara
Granada v Real Madrid - La Liga Santander
Granada v Real Madrid - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

കഴിഞ്ഞ കുറച്ച് നാളുകളായി ദയനീയ ഫോമിലൂടെ കടന്നു പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഒലെ ഗുണ്ണാർ സോൾഷ്യറെ തങ്ങളുടെ പരിശീലക സ്ഥാനത്ത്‌ നിന്ന് പുറത്താക്കാൻ താല്പര്യപ്പെടുന്നു‌ണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്‌. സോൾഷ്യറെ പുറത്താക്കിയാൽ പകരം മുൻ റയൽ മാഡ്രിഡ് ബോസ് സിനദിൻ സിദാനെ ക്ലബ്ബിന്റെ പരിശീലക‌ ചുമതല ഏൽപ്പിക്കാനുള്ള പദ്ധതികൾ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടെങ്കിലും സിദാൻ അതിനോട് നേരത്തെ കാര്യമായ താല്പര്യം കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോളിതാ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടനിലക്കാർ നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിൽ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന തന്റെ നിലപാടിൽ സിദാൻ മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം വരും മത്സരങ്ങളിലും മെച്ചപ്പെടുന്നില്ലെങ്കിൽ സോൾഷ്യറിന്റെ പരിശീലക സ്ഥാനം തെറിക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ തങ്ങളുടെ പുതിയ പരിശീലകനായി ക്ലബ്ബ് പരിഗണിക്കുക ബ്രണ്ടൻ റോഡ്ജേഴ്സ്, എറിക്ക് ടെൻ ഹാഗ്, സിനദിൻ സിദാൻ എ‌ന്നിവരെയാകും. നിലവിലെ സാഹചര്യത്തിൽ ഈ സ്ഥാനത്തേക്കെത്താൻ ഏറ്റവും കൂടുതൽ സാധ്യത സിദാനാണെന്നും നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തോട് വിമുഖത കാട്ടിയിരുന്ന അദ്ദേഹത്തിന് ഇപ്പോൾ അതിനോട് താല്പര്യമുണ്ടെന്നുമാണ് കരുതപ്പെടുന്നത്.

ഒലെ‌ ഗുണ്ണാർ സോൾഷ്യറെ പുറത്താക്കിയാൽ അദ്ദേഹത്തിന് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക ചുമതല ഏറ്റെടുക്കാൻ സിദാനെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങളിൽ ക്ലബ്ബിന്റെ ഇടനിലക്കാർ പുരോഗതി കൈവരിച്ചുവെന്നാണ് ഡെയിലി റെക്കോർഡ് റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നാൽ തന്റെ പ്രിയ താരങ്ങളിലൊരാളായ പോൾ പോഗ്ബക്കൊപ്പവും, റയൽ മാഡ്രിഡിൽ തന്റെ കീഴിൽ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ എന്നിവർക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിയുമെന്നതും ക്ലബ്ബിലേക്ക് സിദാനെ ആകർഷിക്കാൻ കാരണമായേക്കാവുന്ന ഘടകങ്ങളാണ്.‌

അതേ സമയം ഈ വർഷം റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ സിദാൻ, ഭാവിയിൽ ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താലും ദീർഘകാല കരാർ അദ്ദേഹം ഒപ്പുവെക്കുമോ എന്നത് കണ്ടറിയണം.

facebooktwitterreddit