Manchester City News

സ്റ്റെർലിങ് മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമല്ലെന്ന് ക്ലബിന്റെ മുൻ താരം പാബ്ലോ സബലേറ്റ

Sreejith N
Pablo Zabaleta Says Raheem Sterling Not A Man City Legend
Pablo Zabaleta Says Raheem Sterling Not A Man City Legend / James Gill - Danehouse/GettyImages
facebooktwitterreddit

ഇംഗ്ലണ്ട് മുന്നേറ്റനിരതാരമായ റഹീം സ്റ്റെർലിങ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസതാരമല്ലെന്ന് ക്ലബിന്റെ മുൻ താരവും അർജന്റീന ഫുൾ ബാക്കുമായ പാബ്ലോ സബലേറ്റ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസിയിലേക്ക് ചേക്കേറിയ താരം മാഞ്ചസ്റ്റർ സിറ്റിയിലുണ്ടായിരുന്ന സമയത്ത് ക്ലബിനു വിജയങ്ങൾ നേടിക്കൊടുക്കാൻ നിർണായകപങ്കു വഹിച്ചിട്ടുണ്ടെന്നും സബലേറ്റ അഭിപ്രായപ്പെട്ടു.

ഏഴു വർഷമായി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള റഹീം സ്റ്റെർലിങ് ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ചെൽസിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഒഴികെയുള്ള കിരീടങ്ങളെല്ലാം നേടിയിട്ടുണ്ടെങ്കിലും ക്ലബിന്റെ ഇതിഹാസമായി സ്റ്റെർലിങ്ങിനെ കണക്കാക്കാൻ കഴിയില്ലെന്നാണ് സബലേറ്റ വിശ്വസിക്കുന്നത്.

"ഇതിഹാസമെന്ന വാക്ക് ഫുട്ബോളിൽ അമിതമായി ഉപയോഗിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ക്ലബിനായി മഹത്തായ ജോലിയാണവൻ ചെയ്‌തത്‌, ചെറിയ പ്രായത്തിൽ തന്നെ സിറ്റിയിലെത്തി വളരെ മികച്ച പ്രകടനം നടത്താൻ സ്റ്റെർലിങ്ങിനു കഴിഞ്ഞു." സ്കൈ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ സബലേറ്റ പറഞ്ഞു.

"പക്ഷെ ഇതിഹാസമെന്നു പറയുമ്പോൾ, എന്നെ സംബന്ധിച്ച് ഓർമ വരുന്നത് സെർജിയോ അഗ്യൂറോ, ഡേവിഡ് സിൽവ, വിൻസന്റ് കൊമ്പനി എന്നീ താരങ്ങളെയാണ്. അവരെല്ലാം മറ്റൊരു തലത്തിൽ നിൽക്കുന്നു. അതുകൊണ്ടാണ് സ്റ്റേഡിയത്തിനു ചുറ്റും അവരുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്." സബലേറ്റ വ്യക്തമാക്കി.

2015ൽ ലിവർപൂളിൽ നിന്നുമാണ് പാബ്ലോ സബലേറ്റ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നത്. ക്ലബിനൊപ്പം നാല് പ്രീമിയർ ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയ താരം ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലും കളിക്കുകയുണ്ടായി. തന്റെ മികച്ച പ്രകടനം ചെൽസിയിലും തുടരാൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit