റൊണാൾഡോ തന്നോടു പറഞ്ഞതെന്തെന്നു വെളിപ്പെടുത്തി അയർലണ്ടിനെതിരായ മത്സരത്തിനു ശേഷം മൈതാനത്തെത്തിയ പതിമൂന്നുകാരി


അയർലൻഡുമായുള്ള ലോകകപ്പ് യോഗ്യത മത്സരം പോർച്ചുഗൽ, റൊണാൾഡോ ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചതെങ്കിലും മത്സരത്തിനു ശേഷമുണ്ടായ സംഭവം ഏവർക്കും സന്തോഷം നൽകുന്നതായിരുന്നു. കളിയവസാനിച്ചതിനു റൊണാൾഡോയുടെ അരികിലേക്ക് പതിമൂന്നു വയസു മാത്രം പ്രായമുള്ള ഒരു കുട്ടി ഓടിയെത്തിയതും താരം തന്റെ ജേഴ്സിയൂരി ആ കുട്ടിക്കു നൽകിയതുമെല്ലാം മത്സരത്തിന്റെ നിരാശയിലും ആരാധകർക്ക് ആഹ്ളാദം നൽകിയിരുന്നു.
അഡിസൺ വെലാനെന്ന പതിമൂന്നുകാരിയായ ബാലികയാണ് മത്സരത്തിനു ശേഷം തന്റെ ആരാധനാപാത്രത്തെ കാണാൻ മൈതാനത്തേക്ക് ഇറങ്ങിയത്. അഡിസണെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവെങ്കിലും അതു കാണാനിടയായ റൊണാൾഡോ കുട്ടിയെ വിടാൻ പറയുകയും ആലിംഗനം ചെയ്തതിനു ശേഷം തന്റെ ജേഴ്സി നൽകുകയും ചെയ്തു. ആ സംഭവത്തെക്കുറിച്ചും അതിനിടയിൽ റൊണാൾഡോ തന്നോട് പറഞ്ഞതെന്താണെന്നും കഴിഞ്ഞ ദിവസം അഡിസൺ വെലാൻ വെളിപ്പെടുത്തുകയുണ്ടായി.
A young pitch invader got Ronaldo's shirt. ?❤️
— Juliet Bawuah (@julietbawuah) November 12, 2021
pic.twitter.com/IKoZqt57OE
"ആദ്യം ഞാൻ അവിടെ വെച്ചിരുന്ന ബാരിയേഴ്സിനു മുകളിലൂടെ ചാടി. അതിനു ശേഷം മൈതാനത്തേക്കോടിയെങ്കിലും അവിടത്തെ സെക്യൂരിറ്റി ഗാർഡുകൾ എന്റെ പിന്നാലെയോടി. മറുവശത്തു നിന്നും രണ്ടു പേർ വരുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ ഓട്ടം തുടർന്നു," അഡിസൺ വെലാൻ ആർടിഇ റേഡിയോയോട് പറഞ്ഞു.
"ബാക്കി രണ്ടു പേരെയും കണ്ടപ്പോൾ ഞാൻ ഹാഫ്വേ ലൈനിലേക്ക് ഓടി അവരെ കുഴപ്പിക്കാമെന്നു കരുതിയെങ്കിലും അവരെന്നെ പിടികൂടി. അപ്പോൾ ഞാൻ റൊണാൾഡോയുടെ പേരു വിളിച്ച് അലറിയപ്പോൾ അദ്ദേഹം തിരിഞ്ഞു നോക്കുകയും ഇതു കാണുകയും എന്നെ വിടാൻ അവരോട് പറയുകയും ചെയ്തു."
"അതിനു ശേഷം അദ്ദേഹം എന്റെ അരികിലേക്ക് വന്നപ്പോൾ ഞാൻ ഞെട്ടിയിരുന്നു. കരഞ്ഞു കൊണ്ട് "ഞാൻ നിങ്ങളുടെ വലിയ ആരാധികയാണെന്നും എനിക്ക് ജേഴ്സി എനിക്ക് തരാമോ" എന്ന് ചോദിച്ചപ്പോൾ "നിനക്ക് സുഖമാണോ" എന്നാണദ്ദേഹം തിരിച്ചു ചോദിച്ചത്."
"അദ്ദേഹം ജേഴ്സി അഴിക്കുന്നത് അച്ഛൻ കാണുകയും അദ്ദേഹം അത്ഭുതപ്പെടുകയും ചെയ്തു. 'എന്റെ ദൈവമേ, എന്റെ വലിയൊരു സ്വപ്നം ഇതാ സഫലമായി' എന്നാണു ഞാൻ കരുതിയത്," അഡിസൺ പറഞ്ഞു. താനൊരു ആരാധികയാണെന്നു പറഞ്ഞപ്പോൾ റൊണാൾഡോ അതിനെ അഭിനന്ദിച്ചുവെന്നും അഡിസൺ കൂട്ടിച്ചേർത്തു.
അയർലൻഡുമായി സമനില വഴങ്ങിയതോടെ ലോകകപ്പ് യോഗ്യത നേടാൻ സെർബിയക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ തോൽവി ഒഴികെയുള്ള ഒരു ഫലം പോർച്ചുഗലിന് വേണം. മത്സരത്തിൽ തോറ്റാൽ അവർ ലോകകപ്പിനെത്തണമെങ്കിൽ പ്ലേ ഓഫ് കളിക്കേണ്ടി വരും.