Football in Malayalam

റൊണാൾഡോ ഗോളടിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിരാശപ്പെടുത്തുന്ന തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
BSC Young Boys v Manchester United: Group F - UEFA Champions League
BSC Young Boys v Manchester United: Group F - UEFA Champions League / Matthias Hangst/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സിയിൽ വർഷങ്ങൾക്കു ശേഷം ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ റൊണാൾഡോ കഴിഞ്ഞ കളിയിലെ ഫോം തുടർന്ന് ഗോൾ നേടിയെങ്കിലും മത്സരത്തിൽ തോൽവി വഴങ്ങി റെഡ് ഡെവിൾസ്. സ്വിസ് ക്ലബിന്റെ മൈതാനത്തു നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ആരോൺ വാൻ ബിസാക്കക്കു ചുവപ്പു കാർഡ് ലഭിച്ചതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടിയായത്. സമനില നേടാൻ കഴിയുമായിരുന്ന മത്സരത്തിന്റെ അവസാന നിമിഷം ലിംഗാർഡ് വരുത്തിയ പിഴവ് യുണൈറ്റഡിനെ തോൽവിയിലേക്ക് തള്ളി വിടുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനെതിരെ വമ്പൻ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ പ്രകടനം തന്നെ യങ് ബോയ്‌സിനെതിരെയും ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്താതെ റൊണാൾഡോ പതിമൂന്നാം മിനുട്ടിൽ തന്നെ ടീമിനെ മുന്നിലെത്തിച്ചു. ബ്രൂണോ ഫെർണാണ്ടസിന്റെ അളന്നു മുറിച്ച ക്രോസ് ഗോൾകീപ്പറുടെ കാലിനടിയിലൂടെ വലയിലേക്കു തട്ടിയിട്ട താരം 2021-22 സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ ഗോൾ സ്വന്തം പേരിലാക്കുകയായിരുന്നു.

പതിമൂന്നാം മിനുട്ടിൽ തന്നെ ലീഡെടുത്തെങ്കിലും മത്സരത്തിൽ സമ്പൂർണാധിപത്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് അവകാശപ്പെടാൻ കഴിയില്ലായിരുന്നു. സ്വന്തം മൈതാനത്ത് വേഗമേറിയ നീക്കങ്ങൾ നടത്തി യങ് ബോയ്‌സ് മുന്നേറ്റനിര പലപ്പോഴും യുണൈറ്റഡിനെ പരീക്ഷിച്ചു. മുപ്പത്തിയഞ്ചാം മിനുട്ടിൽ യങ് ബോയ്‌സ് മധ്യനിര താരം മാർട്ടിൻസിനെ ഗുരുതരമായി ഫൗൾ ചെയ്‌തതിന്‌ വാൻ ബിസാക്ക ചുവപ്പു കാർഡ് നേടിയതോടെ യുണൈറ്റഡ് കൂടുതൽ പിൻവലിഞ്ഞു കളിക്കാൻ നിർബന്ധിതരായി.

ആദ്യ പകുതിയിൽ സ്വിസ് ടീമിന്റെ മുന്നേറ്റങ്ങളെ തടഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനു രണ്ടാം പകുതിയുടെ അറുപത്തിയാറാം മിനുട്ടു വരെയും ലീഡ് നിലനിർത്താൻ കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദൗർബല്യം മുതലെടുത്ത് തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയ യങ് ബോയ്‌സ് ങ്ങാമലൂവിലൂടെയാണ് മത്സരത്തിൽ ഒപ്പമെത്തിയത്. ഇതിനു പിന്നാലെ റൊണാൾഡോ പിൻവലിക്കപ്പെടുകയും ചെയ്‌തു.

സമനില ഗോൾ നേടിയതിന്റെ ആവേശത്തിൽ വിജയം കുറിക്കാൻ യങ് ബോയ്‌സ് നിരന്തരമായ ശ്രമങ്ങൾ നടത്തിയെങ്കിലും അതു തൊണ്ണൂറാം മിനുട്ടിലും ഫലം കണ്ടില്ലായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ മിനുട്ടിൽ ലിംഗാർഡ് വരുത്തിയ പിഴവിനു മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത വിലയാണ് നൽകേണ്ടി വന്നത്. താരത്തിന്റെ അലംഭാവത്തോടെയുള്ള ബാക്ക് പാസ് പിടിച്ചെടുത്ത സീബാഷു ഡി ഗിയയെ കീഴടക്കി യങ് ബോയ്‌സിനു വിജയം നൽകി.

facebooktwitterreddit