Football in Malayalam

ഗോളടിച്ചത് ആഘോഷിക്കാതെ ഫിൻലൻഡ്; മാൻ ഓഫ് ദി മാച്ച് പുരസ്കാരം എറിക്സന് നൽകി യുവേഫ; ഫുട്ബോൾ‌ വീണ്ടും വിജയിക്കുമ്പോൾ...

Gokul Manthara
Denmark v Finland - UEFA Euro 2020: Group B
Denmark v Finland - UEFA Euro 2020: Group B / Martin Meissner - Pool/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം മുഴുവൻ ഞെട്ടിത്തരിച്ചു നിന്ന ഏതാനും മണിക്കൂറുകളാണ് കടന്നു പോയത്‌.‌ ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള യൂറോ കപ്പ് മത്സരത്തിന്റെ നാൽപ്പതാം മിനുറ്റിന് ശേഷമായിരുന്നു കായിക ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ടുള്ള, ഇനി ഒരിക്കലും ഫുട്ബോൾ പ്രേമികൾ കാണാൻ ആഗ്രഹിക്കാത്ത ആ കാഴ്ച അരങ്ങേറിയത്. ഫിൻലൻഡ് ബോക്സിന് അരികെ വെച്ച് സഹതാരത്തിൽ നിന്ന് ത്രോ സ്വീകരിക്കവെ ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ നിലത്തേക്ക്‌ വീഴുന്നു‌‌. റഫറി ആന്തണി ടെയ്ലർ ഒട്ടും വൈകിയില്ല. ഉടൻ തന്നെ വൈദ്യ സംഘത്തെ ഗ്രൗണ്ടിലേക്ക് വിളിച്ചു. വൈദ്യ സംഘമെത്തുന്നതിന് മുന്നേ തന്നെ ഡെന്മാർക്ക് നായകൻ സിമോൺ ക്യാർ തന്റെ സഹതാരത്തിനരികിലെത്തി‌ പ്രാഥമിക ശുശ്രൂഷകൾ ആരംഭിച്ചിരുന്നു.

പിന്നാലെ മെഡിക്കൽ സംഘമെത്തി എറിക്സനെ പരിശോധിച്ചു. എന്നാൽ താരത്തിന് കാര്യമായ അനക്കമില്ല. സംഗതി ഗുരുതരമെന്ന ആദ്യ സൂചനകൾ പുറത്ത്. മത്സരം കണ്ടു കൊണ്ടിരുന്നവരുടെ ഹൃദയമിടിപ്പ് വർധിച്ചു. ചിലർ കരഞ്ഞു. അനിശ്ചിതത്വം ഓരോ നിമിഷവും വർധിച്ചു കൊണ്ടിരുന്നു‌‌. എന്താണ് മൈതാനത്ത് സംഭവിക്കുന്നതെന്നറിയാതെ ഫുട്ബോൾ ലോകം പ്രാർത്ഥനയിൽ മുറുകി. ഇതിനിടെ ക്യാമറകൾ എറിക്സന്റെ ചിത്രം പകർത്തുന്നത് തടയാൻ തന്റെ സഹതാരങ്ങളേയും കൂട്ടി അദ്ദേഹത്തിന്റെ ചുറ്റും സിമോൺ ക്യാർ കവചം തീർത്തു‌. തന്റെ കൂട്ടുകാരെ സമചിത്തത നഷ്ടപ്പെടാതെ പിടിച്ചു നിർത്താൻ മുന്നിൽ നിന്ന ക്യാർ, ഗ്രൗണ്ടിലേക്ക് ഓടിവന്ന എറിക്സന്റെ പങ്കാളിയെ ആശ്വസിപ്പിക്കാനും മുന്നോട്ട് ചെന്നു. എങ്ങനെയായിരിക്കണം ഒരു ക്യാപ്റ്റൻ എന്നതിന് ഈ മനുഷ്യനെ ഇനിയെല്ലാവർക്കും പാഠമാക്കാം.‌

പ്രാഥമിക‌ ശുശ്രൂഷ നൽകിയ എറിക്സനെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊ‌ണ്ടു‌പോയപ്പോൾ സ്ട്രെച്ചറിന്റെ ഇരു വശങ്ങളിലും ഒരു മറയായി ഉപയോഗിച്ചത് ഫിൻലൻഡ് ടീമിന്റെ ദേശീയ പതാകയായിരുന്നു. മത്സരം കാണാൻ ഗ്യാലറിയിലെത്തിയ ഫിൻലൻഡ് ആരാധകരായിരുന്നു ഈ പതാകകൾ എറിക്സന് മറയായി ഉപയോഗിക്കാൻ നൽകിയത്.‌ ഇതിലൂടെ ആ ആരാധകക്കൂട്ടം ഫുട്ബോൾ പ്രേമികളുടെ മനസിനെ കീഴടക്കി.

ഏറെ നേരം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം എറിക്സൻ ബോധം വീ‌ണ്ടെടുത്തെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമുള്ള യുവേഫയുടെ ഔദ്യോഗിക സ്ഥിരീകരണമെത്തി ഇതോടെ ഫുട്ബോൾ പ്രേമികളുടെ വലിയൊരു ആശങ്കക്ക് അവസാനമായി. ഫിൻലൻഡിന്റേയും, ഡെന്മാർക്കിന്റേയും ആരാധകർ ക്രിസ്റ്റ്യൻ എറിക്സൻ എന്ന് കോപ്പൻഹേഗനിലെ ഗ്യാലറിയിൽ ഉച്ചത്തിൽച്ചൊല്ലി. എറിക്സന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമായതോടെ ഒരു ഘട്ടത്തിൽ റദ്ദാക്കിയ മത്സരം പുനരാരംഭിക്കാൻ യുവേഫയുടെ തീരുമാനം.

മത്സരം ഇന്ത്യൻ സമയം പന്ത്രണ്ട് മണിക്ക് പുനരാരംഭിച്ചു. എന്നാൽ ഒരു ഫുട്ബോൾ മത്സരം കാണാനുള്ള ത്രില്ലൊക്കെ എല്ലാവർക്കും അപ്പോളേക്കും നഷ്ടമായിക്കഴിഞ്ഞിരുന്നു‌ . ഈ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നുവെങ്കിലെന്ന് ഭൂരിഭാഗം പേരും ആഗ്രഹിച്ചു. അൻപത്തൊൻപതാം മിനുറ്റിൽ ജോയൽ പോഹൻപാലോ ഫിൻലൻഡിനായി മത്സരത്തിൽ വല കുലുക്കി. ‌തങ്ങളുടെ ആദ്യ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേടിയ ഈ ഗോൾ പക്ഷേ അവർ ആഘോഷിച്ചില്ല. അതിനവർക്ക് കഴിയുമായിരുന്നില്ല.

അവിടം കൊണ്ട് തീർന്നില്ല. കഥ. പോഹൻപാലോ നേടിയ ഒരേയൊരു ഗോളിൽ ഫിൻലൻഡ് മത്സരം വിജയിച്ചു. കളിയിലെ കേമനായി യുവേഫ പിന്നാലെ തിരഞ്ഞെടുത്തത് ക്രിസ്റ്റ്യൻ എറിക്സനെ. യുവേഫയുടെ ഈ തീരുമാനത്തിനും ഫുട്ബോൾ ലോകം കൈയ്യടിച്ചു. അങ്ങനെ സംഭവബഹുലമായൊരു രാത്രി അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഒന്നടങ്കം അഭിമാനത്തോടെ തല ഉയർത്തി ഉച്ചത്തിൽ‌ പറയാം 'ഫുട്ബോൾ ഇസ് മോർ ദാൻ എ ഗെയിം'.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit