Football in Malayalam

മെസിയുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നില്ല, അർജന്റീന നായകനോട് ബഹുമാനമാണെന്ന് കൊളംബിയൻ താരം യെറി മിന

Sreejith N
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിനിടെ മെസിയും കൊളംബിയൻ താരം യെറി മിനയും തമ്മിലുണ്ടായ ചെറിയ ഉരസലുകൾ ഏറെ വാർത്തയായതായിരുന്നു. മത്സരത്തിന്റെ ഇടയിലുണ്ടായ ചെറിയ വാക്കു തർക്കങ്ങൾ ഷൂട്ടൗട്ടിനിടയിലും തുടർന്നപ്പോൾ എമിലിയാനോ മാർട്ടിനസും മിനയെ വാക്കുകൾ കൊണ്ട് ആക്രമിച്ചിരുന്നു. പൊതുവെ കളിക്കളത്തിൽ ശാന്തനായി കാണപ്പെടാറുള്ള മെസിയുടെ മറ്റൊരു മുഖമാണ് അന്നു കണ്ടത്.

യെറി മിന മുൻ ബാഴ്‌സലോണ താരമായിരുന്നു എന്നിരിക്കെ മെസിയുമായുണ്ടായ ഉരസലുകൾ ആരാധകരിൽ പലർക്കും അത്ഭുതമാവുകയും ചെയ്‌തിരുന്നു. എന്നാൽ കളിക്കളത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നാണ് അതേക്കുറിച്ച് കൊളംബിയൻ താരം പറഞ്ഞത്. തനിക്കു മെസിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂവെന്നും എവർട്ടൺ താരം വ്യക്തമാക്കി.

"ഇതു ഫുട്ബോളാണ്, ലിയോയുമായി സംഭവിച്ച കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. ജീവിതം കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ്, അതു നമുക്ക് രണ്ടാമതും അവസരങ്ങൾ നൽകും. ഞാൻ ശാന്തനാണ്, കാരണം മെസി വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്." കൊളംബിയയിലെ ഒരു ചാരിറ്റി പരിപാടിക്കിടയിൽ മിന പറഞ്ഞു.

മെസിയോടു തനിക്കുള്ള ആരാധനയും മിന വെളിപ്പെടുത്തി. "ഞാൻ മെസിയെ ബാഴ്‌സയിൽ വെച്ചാണ് കാണുന്നത്, അദ്ദേഹം എനിക്കു നൽകിയ പിന്തുണക്കു ഞാൻ നന്ദി പറയുന്നു. മെസി എന്താണെന്നതിൽ എനിക്ക് താരത്തോട് ആരാധനയുണ്ട്, ആ സമയത്ത് ഞങ്ങൾ ദേശീയ ടീമിനെ പ്രതിരോധിക്കുക മാത്രമാണു ചെയ്‌തത്‌." മിന വ്യക്തമാക്കി.

ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ നിന്നും 2018ലാണ് യെറി മിന ബാഴ്‌സലോണയിലെത്തുന്നത്. എന്നാൽ അന്നത്തെ പരിശീലകനായിരുന്ന വാൽവാർദെയുടെ മതിപ്പ് നേടാൻ കഴിയാത്തതിനാൽ താരം പിന്നീട് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിലേക്ക് ചേക്കേറി.

facebooktwitterreddit