Football in Malayalam

ബാഴ്സലോണയുടെ പരിശീലകനായാൽ ടീമിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്ന നാല് താരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സാവി

By Gokul Manthara
Monterrey v Al-Sadd Sports Club - FIFA Club World Cup Qatar 2019
Monterrey v Al-Sadd Sports Club - FIFA Club World Cup Qatar 2019 / Etsuo Hara/GettyImages
facebooktwitterreddit

കഴിഞ്ഞയാഴ്ചയാണ് റൊണാൾഡ് കൂമാനെ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് എഫ് സി ബാഴ്സലോണ പുറത്താക്കിയത്.‌ കൂമാന് പകരം ക്ലബ്ബിന്റെ പുതിയ പരിശീലകനായി എത്തുക ആരായിരിക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ക്ലബ്ബ് ഇതിഹാസം സാവി ഹെർണാണ്ടസ് ഈ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്. അതിനിടെ ഇപ്പോളിതാ ബാഴ്സലോണയുടെ പരിശീലകനായെത്തിയാൽ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്ന നാല് താരങ്ങളുടെ വിഷ് ലിസ്റ്റ് സാവി തയ്യാറാക്കിക്കഴിഞ്ഞെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു.

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലെത്തിക്കേണ്ട നാല് കളികാരുടെ പട്ടിക സാവി തയ്യാറാക്കിയതായി സ്പാനിഷ് മാധ്യമമായ എൽ നാഷണലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ബാഴ്സയുടെ പരിശീലകനാവാനുള്ള മുന്നൊരുക്കങ്ങൾ സാവി ആരംഭിച്ചു കഴിഞ്ഞെന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്.

അടുത്ത വേനൽക്കാലത്ത് കറ്റാലൻ ക്ലബ്ബിലെത്തിക്കാൻ സാവി താല്പര്യപ്പെടുന്ന താരങ്ങളിൽ ഒരാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഞ്ച് സൂപ്പർ താരം പോൾ പോഗ്ബയാണെന്നാണ് എൽ നാഷണൽ ചൂണ്ടിക്കാട്ടുന്നത്. അടുത്ത സമ്മറിൽ ഫ്രീ ഏജന്റാവുന്നതിനാൽ പോഗ്ബയെ സ്വന്തമാക്കുക ബാഴ്സലോണക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമാവില്ലെന്നാണ് കരുതപ്പെടുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ മുന്നേറ്റ താരം എർലിംഗ് ഹാലൻഡാണ് സാവി തയ്യാറാക്കിയ വിഷ് ലിസ്റ്റിലെ മറ്റൊരു പ്രധാന താരം. എന്നാൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ യൂറോപ്യൻ വമ്പന്മാരുടെ നോട്ടപ്പുള്ളിയായതിനാൽ ഹാലൻഡിനെ സ്വന്തമാക്കുക ബാഴ്സലോണക്ക് അത്രയെളുപ്പമാവില്ല.

സാവി ടീമിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്ന മൂന്നാമൻ ആർ ബി ലെപ്സിഗിന്റെ സ്പാനിഷ് താരം ഡാനി ഓൾമോയാണ്. നിലവിൽ ജെർമ്മൻ ക്ലബ്ബിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഓൾമോക്ക് 2024 വരെ അവരുമായി കരാറുണ്ട്. അതിനാൽ മികച്ച തുക മുടക്കിയാൽ മാത്രമേ അദ്ദേഹത്തെ സ്വന്തമാക്കാൻ കറ്റാലൻ ക്ലബ്ബിന് കഴിയൂ. സാവി തയ്യാറാക്കിയ ലിസ്റ്റിലെ നാലാമനാകട്ടെ സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെയാണ്.

അതേ സമയം ബാഴ്സലോണ തങ്ങളുടെ പരിശീലകനായി സാവിയെ കൊണ്ടു വരുമോയെന്നും, ശേഷം സാവിയുടെ ആവശ്യപ്രകാരം ഈ താരങ്ങളെ സ്വന്തമാക്കാനുള്ള ഫണ്ട് കണ്ടെത്താൻ അവർക്ക് കഴിയുമോയെന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്നാൽ ഇക്കാര്യങ്ങളെല്ലാം സംഭവിക്കുകയാണെങ്കിൽ ബാഴ്സലോണയുടെ തലവര മാറാനുള്ള സാധ്യതകൾ കൂടുതലാണ്.

facebooktwitterreddit