Football in Malayalam

ബാഴ്‌സലോണയുമായുള്ള കരാർ പുതുക്കാൻ തയ്യാറാവാതെ ഡെംബല; താരത്തെ ജനുവരിയിൽ തന്നെ ടീം വിടാൻ അനുവദിക്കാൻ സാവി

Ali Shibil Roshan
Xavi is said to be willing to let Dembele leave Barcelona in January
Xavi is said to be willing to let Dembele leave Barcelona in January / LLUIS GENE/GettyImages
facebooktwitterreddit

ബാഴ്‌സലോണയുമായുള്ള കരാർ പുതുക്കാൻ ഇത് വരെ തയ്യാറാവാത്ത ഒസ്മാനെ ഡെംബലയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടാൻ അനുവദിക്കാൻ കാറ്റലൻ ക്ലബിന്റെ പരിശീലകൻ സാവി തയ്യാറാണെന്ന് റിപോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ എ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ജൂൺ 30തോടെ തങ്ങളുമായുള്ള കരാർ അവസാനിക്കുന്ന ഡെംബലയെ, ഈ സീസണിനുമപ്പുറത്തേക്ക് ടീമിൽ നിലനിറുത്താൻ ബാഴ്‌സലോണ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും, കരാർ പുതുക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല.

തങ്ങൾ നൽകിയ കോൺട്രാക്ട് ഓഫറിനുള്ള മറുപടി നൽകാൻ ജനുവരി 15 എന്ന സമയപരിധി താരത്തിന് ബാഴ്‌സ നൽകിയിരുന്നെങ്കിലും, ഇതിനുള്ളിൽ കാറ്റലൻ ക്ലബിന് മറുപടി ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വിളിച്ച അടിയന്തര യോഗത്തിൽ, വാർഷിക ശമ്പളമായി 40 മില്യൺ യൂറോയും (339 കോടിയിൽ പരം ഇന്ത്യൻ രൂപ), ബോണസുകളിലായി 40 മില്യൺ യൂറോയും ഡെംബലക്ക് നൽകണമെന്ന് താരത്തിന്റെ ഏജന്റ് ആവശ്യപ്പെട്ടതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡെംബലക്ക് അത്തരമൊരു ഓഫർ നൽകാൻ കഴിയാത്ത ബാഴ്‌സലോണ, ഉടൻ തന്നെ താരത്തിന് നൽകിയ കോൺട്രാക്ട് ഓഫർ പിൻവലിച്ചെന്നും എ.എസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ, താരം ക്ലബ് വിടാനുള്ള സാധ്യതകളാണ് വർദ്ധിച്ചിരിക്കുന്നത്.

അതേ സമയം, ഡെംബല ടീമിൽ തുടരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്ന സാവിക്ക് താരത്തിന്റെ നിലവിലെ പ്രവർത്തികളിൽ വേദനയുണ്ടെന്നും, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരം ക്ലബ് വിടുന്നതിനോട് അനുകൂല നിലപാടാണുള്ളതെന്നും എ.എസിന്റെ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit