Football in Malayalam

ആദ്യ മത്സരത്തിൽ വിജയം നേടിയെങ്കിലും സംതൃപ്‌തനല്ല, ബാഴ്‌സലോണക്കു മുന്നറിയിപ്പു നൽകി സാവി

Sreejith N
FC Barcelona v RCD Espanyol - La Liga Santander
FC Barcelona v RCD Espanyol - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സ പരിശീലകനായതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ വിജയം നേടിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ പൂർണമായും തൃപ്‌തിയില്ലാതെ സാവി ഹെർണാണ്ടസ്. എസ്പാന്യോളിനെതിരെ നടന്ന കാറ്റലൻ ഡെർബിയിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയ ബാഴ്‌സലോണ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കണമെന്നാണ് മത്സരത്തിനു ശേഷം ക്ലബിന്റെ ഇതിഹാസം കൂടിയായ സാവി അഭിപ്രായപ്പെട്ടത്.

രണ്ടാം പകുതിയിൽ മെംഫിസ് ഡീപേയ് പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് സ്വന്തം മൈതാനത്ത് ബാഴ്‌സലോണക്ക് മൂന്നു പോയിന്റും നേടിക്കൊടുത്തത്. മത്സരത്തിൽ പതിനാറു തവണ ഗോളിലേക്ക് ഷോട്ടുകളുതിർത്ത ബാഴ്‌സക്ക് അതിൽ ആറെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കഴിഞ്ഞത്. അതേസമയം എസ്പാന്യോൾ അഞ്ചോളം സുവർണാവസരങ്ങൾ അവിശ്വസനീയി തുലക്കുകയും ചെയ്‌തു.

"ടീമിൽ ഇനിയും മെച്ചപ്പെടാൻ പലതുമുണ്ട്, മത്സരം എന്താണ് ആവശ്യപ്പെടുന്നത് എന്നതിനെപ്പറ്റി മനസിലാക്കാൻ ശ്രമിക്കണം. കൂടുതൽ അവസരങ്ങളും ഉണ്ടാക്കണം. വളരെ കടുപ്പമേറിയ പ്രതിരോധത്തിൽ അത് ബുദ്ധിമുട്ടാണെങ്കിലും വിങിലെ സ്‌പേസുകളിലൂടെ കൂടുതൽ ആക്രമണം വന്നു കൊണ്ടിരിക്കണം. ഇതുപോലെയുള്ള സാഹചര്യങ്ങൾ വീണ്ടും വരുമെന്നതു കൊണ്ട് അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം."

"എനിക്ക് ഏറ്റവും ഇഷ്‌ടമായാത് ടീമിന്റെ മനോഭാവമാണ്. തീർച്ചയായും ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ട്, വളരെയധികം. മത്സരത്തിന്റെ അവസാന സമയങ്ങളിൽ ഞങ്ങൾക്ക് ആധിപത്യം നഷ്‌ടമായി. ഞങ്ങൾ നല്ലൊരു സാഹചര്യത്തിൽ അല്ല എന്നതിനാൽ എസ്പാന്യോൾ ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഇത് അർഹിച്ച വിജയവും സന്തോഷവുമാണ്." സാവി മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ ബാഴ്‌സലോണക്ക് അനുവദിച്ച പെനാൽറ്റിക്കെതിരെ എസ്‌പാന്യോൾ താരങ്ങൾ പ്രതിഷേധിച്ചിരുന്നു. അതേക്കുറിച്ച് പ്രതികരിച്ച സാവി താനായിരുന്നെങ്കിലും അത് പെനാൽറ്റി നൽകുമായിരുന്നു എന്നു വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗിൽ അടുത്ത മത്സരം കളിക്കാനിരിക്കുന്ന ബാഴ്‌സലോണക്ക് ബെൻഫിക്കയാണ് എതിരാളികൾ.

facebooktwitterreddit