ലാ ലിഗ മത്സരത്തിനിറങ്ങും മുൻപ് ബാഴ്‌സലോണ താരങ്ങളെ റയൽ മാഡ്രിഡിന്റെ തിരിച്ചു വരവോർമിപ്പിച്ച് സാവി
By Sreejith N

കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ ഗളത്സരക്കെതിരെ സമനില വഴങ്ങിയതിനു ശേഷം ലാ ലിഗ മത്സരത്തിൽ ഒസാസുനയെ നേരിടാൻ തയ്യാറെടുക്കുന്ന ബാഴ്‌സലോണക്ക് മുന്നറിയിപ്പു നൽകി പരിശീലകൻ സാവി ഹെർണാണ്ടസ്. തുർക്കിഷ് ക്ലബിനെതിരെ ഗോൾരഹിത സമനില വഴങ്ങിയതു പോലൊരു പ്രകടനം ലാ ലീഗ മത്സരത്തിൽ ഉണ്ടാവരുതെന്നും കൂടുതൽ തീവ്രതയോടെ കളിക്കാൻ ബാഴ്‌സലോണ താരങ്ങൾ തയ്യാറാകണമെന്നും സാവി പറഞ്ഞു.
പിഎസ്‌ജിക്കെതിരെ റയൽ മാഡ്രിഡ് നടത്തിയ തിരിച്ചുവരവാണ് സാവി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. "മാഡ്രിഡ് വിശ്വാസവും മനക്കരുത്തും കൊണ്ടാണ് ആ സ്കോറിനെ മറികടന്നത്, ചാമ്പ്യൻ ടീമുകൾ അങ്ങിനെയാണ്. നമ്മൾ നൂറു ശതമാനമല്ലെങ്കിൽ എതിരാളികൾക്ക് കീഴടക്കാൻ എളുപ്പമാണ്. ഒസാസുനക്കെതിരെ ഞാൻ അതു തന്നെ പറയുന്നു. ഏതൊരു എതിരാളികൾക്കും നമ്മളെ തോൽപ്പിക്കാൻ കഴിയും, അതാണ് സംഭവിച്ചത്."
? Xavi: "Osasuna defend very well, we need to maintain a high intensity throughout the entire match" pic.twitter.com/qjTEm4LDor
— FC Barcelona (@FCBarcelona) March 12, 2022
വളരെപ്പെട്ടന്നു തന്നെ ഗോളുകൾ നേടാൻ കഴിയാതിരുന്നാൽ അതു കാര്യങ്ങൾ കൂടുതൽ കടുപ്പമാക്കുമെന്നും സാവി പറഞ്ഞു. "ഒരു ഗോൾ മത്സരത്തെ മാറ്റും, അതല്ലെങ്കിൽ എല്ലാം ബുദ്ധിമുട്ടാണ്. തീവ്രതയിൽ അവർക്കു നമ്മളെ മറികടക്കാൻ കഴിയരുതെന്ന മൂല്യമാണ് നിലനിർത്തേണ്ടത്. അതാണു നമ്മൾ പിന്തുടരേണ്ട അടിസ്ഥാനപരമായ കാര്യം, അതു കൈവിടരുത്." സാവി മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ ഒബാമയാങ് കളിക്കുമെന്നും സാവി പറഞ്ഞു. നിരവധി മത്സരങ്ങൾ തുടർച്ചയായി കളിച്ചത് താരത്തിന് തളർച്ചയുണ്ടാക്കിയെന്നും ടീമിന്റെ ശൈലി വെച്ചു നോക്കുമ്പോൾ അത് സ്വാഭാവികമായ കാര്യമാണെന്നും സാവി പറഞ്ഞു. എന്നാൽ ടീമിനു വളരെ പ്രധാനപ്പെട്ട ഒബാമയാങ് ഒപ്പമുള്ളത് മുൻതൂക്കം നൽകുന്നുവെന്നും സാവി വ്യക്തമാക്കി.
നിലവിൽ ലാ ലിഗ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണ ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തും. യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ ഗളത്സരയെ അവരുടെ മൈതാനത്ത് നേരിടാൻ ഒരുങ്ങുന്ന ബാഴ്‌സലോണക്ക് ആത്മവിശ്വാസം നേടാൻ ഇന്നു വിജയം അനിവാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.