ഏഴു പൊസിഷനിലേക്ക് പുതിയ താരങ്ങൾ, അടുത്ത സീസണിലേക്ക് വലിയ പദ്ധതികളുമായി ബാഴ്സലോണ


ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ചതിനു ശേഷം ബാഴ്സലോണ മികച്ച പ്രകടനം നടത്തിയെങ്കിലും ഇപ്പോൾ ടീമിന്റെ ദൗർബല്യങ്ങൾ പുറത്തു വരുന്നതാണു കാണുന്നത്. അവസാനം നടന്ന മൂന്നു ഹോം മത്സരങ്ങളിലും ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ബാഴ്സലോണ ഇപ്പോഴും ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നുണ്ടെങ്കിലും അടുത്ത സീസണിലേക്ക് ടീമിനെ അഴിച്ചുപണിയേണ്ടത് അനിവാര്യമാണെന്നു ഇപ്പോഴത്തെ ഫലങ്ങൾ വ്യക്തമാക്കുന്നു.
റയോ വയ്യക്കാനൊക്കെതിരെ നടന്ന ലീഗ് മത്സരത്തിനു മുന്നോടിയായി മികച്ച ബാക്കപ്പ് താരങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ടീമിനുണ്ടെന്നും അടുത്ത സീസണിലേക്കായി ഓരോ പൊസിഷനിലും മത്സരിക്കാൻ കഴിയുന്ന രണ്ടു താരങ്ങളെങ്കിലും വേണമെന്നും പരിശീലകൻ സാവി പറഞ്ഞിരുന്നു. സാവിയുടെ ആവശ്യം നിറവേറ്റാനുള്ള പദ്ധതി ബാഴ്സലോണ ആവിഷ്കരിച്ചു തുടങ്ങിയെന്നാണ് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത്.
വരുന്ന സമ്മറിൽ ആറോ ഏഴോ താരങ്ങളെ ടീമിലെത്തിക്കാനാണ് ബാഴ്സലോണയുടെ പദ്ധതി. അതിലൊന്ന് ഗോൾകീപ്പിങ് പൊസിഷനിലേക്കാണ്. നെറ്റോ ടീം വിടുമെന്ന് ഉറപ്പായിരിക്കെ ഗാലത്സാരയിൽ ലോണിൽ കളിക്കുന്ന ഇനാകി പെന ടീമിലേക്ക് തിരിച്ചെത്താനാണ് സാധ്യത. പ്രതിരോധത്തിലും വലിയ മാറ്റങ്ങൾ ബാഴ്സലോണയിൽ പ്രതീക്ഷിക്കാം. പിക്വ, ഗാർസിയ, അറഹോ എന്നിവർ തുടരുകയും ലെങ്ലെറ്റ്, ഉംറ്റിറ്റി, മിൻഗുയെസ എന്നിവർ ക്ലബ് വിടുകയും ചെയ്യും.
പ്രതിരോധത്തിലേക്ക് ചെൽസിയുമായുള്ള കരാർ അവസാനിക്കുന്ന ആന്ദ്രെസ് ക്രിസ്റ്റൻസെൻ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനു പുറമെ ചെൽസിയുടെ തന്നെ താരമായ ആസ്പ്ലികുയറ്റയെ ഫ്രീ ട്രാൻസ്ഫറിൽ എത്തിക്കാനും ബാഴ്സ ശ്രമിച്ചിരുന്നു. എന്നാൽ താരവുമായി ഒരു വർഷത്തെ കരാർ നീട്ടാനുള്ള ഉടമ്പടി ചെൽസി ഉപയോഗിച്ചതോടെ ക്ലബിന്റെ മൊത്തം സാഹചര്യങ്ങൾ പരിഗണിച്ചാവും സ്പാനിഷ് താരം വരാനുള്ള സാധ്യത തെളിയുക.
മികച്ചൊരു ബാക്കപ്പില്ലാതെ കളിച്ചു കൊണ്ടിരിക്കുന്ന ജോർദി ആൽബക്കുള്ള ബാക്കപ്പിനേയും ബാഴ്സലോണ പരിഗണിക്കുന്നുണ്ട്. വലൻസിയയുടെ ജോസെ ലൂയിസ് ഗയയെയാണ് ആവശ്യമെങ്കിലും അതിനായി ചിലവാക്കാനുള്ള തുക ബാഴ്സലോണയുടെ കയ്യിലില്ല. സെൽറ്റ വിഗോയുടെ ഹാവി ഗലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് ടെല്ലസ്, ബെൻഫിക്കയുടെ ഗ്രിമാൾഡോ, അയാക്സിന്റെ ടാഗ്ലിയാഫിക്കോ, ബെറ്റിസിന്റെ അലക്സ് മൊറേനോ എന്നിവരാണ് പകരം ബാഴ്സലോണ പരിഗണിക്കുന്നത്.
മധ്യനിരയിലാണ് ഏറ്റവും കുറവ് മാറ്റങ്ങൾ വരിക. നിലവിലുള്ള താരങ്ങളായ ബുസ്ക്വറ്റ്സ്, ഗാവി, പെഡ്രി, നിക്കോ, ഫ്രങ്കീ ഡി ജോംഗ് എന്നിവർക്കൊപ്പം എസി മിലാനിൽ നിന്നും ഫ്രാങ്ക് കെസീ കൂടിയെത്തുന്നതോടെ ബാഴ്സലോണയുടെ മധ്യനിര പൂർത്തിയാകും. ഇതിനു പുറമെ മുന്നേറ്റനിരയിൽ ലീഡ്സ് യുണൈറ്റഡിന്റെ റഫിന്യയെയും ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്കിയെയും എത്തിക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട്.
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ബാഴ്സലോണക്ക് ഭീഷണിയാണെങ്കിലും ബാഴ്സ സ്റ്റുഡിയോ ഭാഗികമായി വിറ്റും താരങ്ങളെ ഒഴിവാക്കിയും ഇതിനെ മറികടക്കാൻ കഴിയുമെന്ന് ക്ലബ് കരുതുന്നു. ഡാനി അൽവസ്, റോബർട്ടോ, ഡെംബലെ, ലൂക്ക് ഡി ജോംഗ്, അഡമ എന്നിവരുടെ കരാർ അവസാനിക്കുന്നതിനൊപ്പം ഡെസ്റ്റ്, പുയ്ജ്, മെംഫിസ്, ബ്രൈത്ത്വൈറ്റ് എന്നിവരെ ക്ലബ് വിൽക്കാനും നോക്കുന്നുണ്ട്. ലോണിലുള്ള കുട്ടീന്യോ, പ്യാനിച്ച്, ട്രിൻകാവോ, കൊളാഡോ എന്നിവർ തിരിച്ചു വന്നാൽ അവരും ക്ലബ് വിടാൻ തന്നെയാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.