ബാഴ്സലോണ പരിശീലകനായാൽ അഞ്ചു പൊസിഷനിലേക്കുള്ള താരങ്ങളെ സാവിക്കു വേണം


ലയണൽ മെസി ടീം വിട്ടതിനു ശേഷം ബാഴ്സലോണ മോശം ഫോമിലേക്കു വീണത് പരിശീലകനായ റൊണാൾഡ് കൂമാനെ ഒഴിവാക്കണമെന്ന ആരാധകരുടെ ആവശ്യത്തിനു ശക്തി പകർന്നിട്ടുണ്ട്. ടീമിലെ ഏറ്റവും പ്രധാന താരം ക്ലബ് വിട്ടതോടെ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ബാഴ്സലോണ ലാ ലിഗയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് എന്നതിനു പുറമെ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ദയനീയമായി തോൽവി നേരിടുകയും ചെയ്തു.
അതിനിടയിൽ ബാഴ്സലോണയിൽ നിന്നും പരിശീലകനാവാനുള്ള ഓഫർ വന്നാൽ സ്വീകരിക്കുമെന്ന സാവിയുടെ വെളിപ്പെടുത്തൽ റൊണാൾഡ് കൂമാന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതകൾ ശക്തമാക്കിയിട്ടുണ്ട്. ബാഴ്സയുടെ ഫിലോസഫി നന്നായി മനസിലാക്കുന്ന സാവിയെപ്പോലൊരാൾ പരിശീലകനായി വരണമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതേസമയം സാവി പരിശീലകനായി എത്തിയാൽ അദ്ദേഹം ടീമിലെ അഞ്ചു പൊസിഷനിലേക്കുള്ള താരങ്ങളെ ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
Xavi has his own demands if he is to replace Koeman at Barca.https://t.co/wOwLIfkCWg
— Futaa.com (@Futaacom) October 12, 2021
സ്പാനിഷ് ഔട്ട്ലെറ്റായ എൽ നാഷണലാണ് സാവിക്ക് അഞ്ചു പൊസിഷനിലേക്ക് താരങ്ങളെ ആവശ്യമുണ്ടെന്നു റിപ്പോർട്ടു ചെയ്തത്. ഈ താരങ്ങൾ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഏതൊക്കെ പൊസിഷനിലേക്കാണ് കളിക്കാരെ ആവശ്യമെന്ന കാര്യം അവർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
മധ്യനിര താരങ്ങളുടെ ധാരാളിത്തം ബാഴ്സയിൽ ഉണ്ടെങ്കിലും ടീമിന് ഒരു ക്രിയേറ്റിവ് മിഡ്ഫീൽഡറെ സാവി ആവശ്യപ്പെടുന്നുണ്ട്. ഇതിനു പുറമെ രണ്ടു ഫുൾബാക്കുകൾ, അവയിലൊരാൾ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാവണം, അതിനു പുറമെ മറ്റൊരാൾ ജോർഡി ആൽബ, ഡാനി ആൽവസ് എന്നിവരെ പോലെ ആക്രമണത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന താരവും ആയിരിക്കണം.
ഇതിനു പുറമെ നന്നായി ഡ്രിബിൾ ചെയ്യാൻ കഴിയുന്ന ഒരു വിങ്ങർ, ഒരു സെൻട്രൽ ഫോർവേഡ് എന്നിവരെയാണ് സാവിക്കു വേണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സമ്മറിൽ ടീമിലെ പ്രധാന താരങ്ങളെ വരെ ഒഴിവാക്കേണ്ടി വന്ന ബാഴ്സലോണ സാവിയുടെ ഈ ആവശ്യങ്ങൾ എങ്ങിനെ നിറവേറ്റുമെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്.