ഒരൊറ്റ ഉപാധിയിൽ സെർജി റോബർട്ടോയെ ബാഴ്സലോണയിൽ നിലനിർത്താൻ സാവി


ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിച്ചു ഫ്രീ ഏജന്റാകുന്ന യൂറോപ്പിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ബാഴ്സലോണയുടെ സെർജി റോബർട്ടോ. പതിനാലാം വയസു മുതൽ കാറ്റലൻ ക്ലബിനൊപ്പമുള്ള, മധ്യനിരയിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും കളിക്കാൻ കഴിയുന്ന, നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന സ്പാനിഷ് താരത്തിന്റെ കരാർ പുതുക്കുന്നതിൽ ഇതുവരെയും ധാരണയിൽ എത്താൻ ബാഴ്സലോണക്കു കഴിഞ്ഞിട്ടില്ല.
സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം കരാർ പുതുക്കാൻ ബാഴ്സലോണ സെർജി റോബർട്ടോക്കു മുന്നിൽ വെച്ച ഓഫർ താരത്തിനു സ്വീകാര്യമായിട്ടില്ല. സെപ്തംബറിൽ താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ കൃത്യമായി മുന്നോട്ടു പോയിരുന്നെങ്കിലും ജനുവരിയിൽ പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കേണ്ട സാഹചര്യം ബാഴ്സലോണക്കു വന്നതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്.
സാവി ഹെർണാണ്ടസ് പരിശീലകനായി എത്തിയത് ക്ലബിന്റെ പദ്ധതികളിൽ പല മാറ്റങ്ങളും ഉണ്ടാക്കിയെങ്കിലും റോബർട്ടോയെ അദ്ദേഹം തന്റെ ടീമിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ടെന്നു വ്യക്തമാണ്. മധ്യനിരയിലും റൈറ്റ്ബാക്കായും കഴിവു തെളിയിച്ച റോബർട്ടോ നിലവിൽ ഡാനി ആൽവസിനെ ഉപയോഗിക്കുന്നതു പോലെ ബാഴ്സലോണക്ക് ഉപയോഗിക്കാൻ കഴിയുന്ന താരമാണ്.
അത്ലറ്റികോ മാഡ്രിഡിനെതിരെ റൈറ്റ് ബാക്കായി സ്റ്റാർട്ട് ചെയ്ത ഡാനി ആൽവസ് ടീം ആക്രമണം നടത്തുന്ന സമയത്തെല്ലാം ഒരു മധ്യനിര താരത്തെ പോലെയാണ് കളിച്ചിരുന്നത്. ബ്രസീലിയൻ ലീഗിൽ മധ്യനിര താരമായി കളിച്ചിട്ടുള്ളതിന്റെ പരിചയമാണ് ഇവിടെ ഡാനിയെ സഹായിക്കുന്നത്. ഒരു മിഡ്ഫീൽഡറായ, പിന്നീട് റൈറ്റ്ബാക്കായി മാറിയ റോബർട്ടോക്ക് ഈ റോൾ നല്ല രീതിയിൽ ചെയ്യാൻ കഴിയും.
എന്നാൽ ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് അറിയാവുന്ന സാവി സെർജി റോബർട്ടോ കരാർ പുതുക്കുമ്പോൾ വേതനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വരുമെന്ന ഉപാധി മുന്നോട്ടു വെച്ചിട്ടുണ്ട്. താരം കരാർ പുതുക്കുന്നതിൽ വളരെ സന്തോഷമുള്ള സാവി ക്ലബ് ഇപ്പോൾ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയുള്ള ഒരു വിട്ടുവീഴ്ച ചെയ്യാനാണ് റോബർട്ടോയോട് ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.