സാവിയെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അൽ സദ്ദ്, തനിക്കു ബാഴ്‌സയിലേക്കു പോകണമെന്ന് കാറ്റലൻ പരിശീലകൻ

Sreejith N
FBL-QAT-AMIR-CUP-SADD-RAYYAN
FBL-QAT-AMIR-CUP-SADD-RAYYAN / KARIM JAAFAR/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തന്നെ അനുവദിക്കണമെന്ന് ഖത്തരി ക്ലബായ അൽ സദ്ദിനോടാവശ്യപ്പെട്ട് സാവി ഹെർണാണ്ടസ്. സാവിയെ ടീമിലെത്തിക്കാൻ വേണ്ടി അൽ സദ്ദുമായി ചർച്ചകൾ നടത്താൻ ബാഴ്‌സലോണ പ്രതിനിധി സംഘം ദോഹയിൽ എത്തിയതിനു പിന്നാലെയാണ് സാവി തനിക്കു തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടത്.

ബാഴ്‌സ പ്രതിനിധി സംഘം ഇന്നലെ ദോഹയിൽ എത്തിയതിനു പിന്നാലെ സാവിയെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അൽ സദ്ദ് അറിയിച്ചിരുന്നു. വളരെ പിരിമുറുക്കം നിറഞ്ഞ ഒരു സീസൺ നടന്നു കൊണ്ടിരിക്കെ പോകാൻ അനുവദിക്കാൻ കഴിയില്ലെന്ന് അൽ സദ്ദ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് സാവി തന്റെ നിലപാടു വെളിപ്പെടുത്തിയത്.

"ഞാൻ ബാഴ്‌സലോണയുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസാരിച്ചു കൊണ്ടിരിക്കയാണ്, അത് പൂർത്തിയായിട്ടുമുണ്ട്. രണ്ടു ക്ലബുകളും തമ്മിലുള്ള ചർച്ചകളെ ഇനിയത് ആശ്രയിച്ചിരിക്കും, അവരൊരു കരാറിൽ എത്തേണ്ടതുണ്ട്. ബാഴ്‌സ ചർച്ചകൾക്കായി എത്തിയിട്ടുണ്ട്, നമ്മളെല്ലാവരും ആകാക്ഷയോടെ നിൽക്കുന്നു. അതു നടക്കുമോയെന്ന് നമുക്ക് നോക്കാം."

"എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകണം, അതു സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. എനിക്കൊരു കരാറുണ്ടെങ്കിലും ക്ലബുകൾ തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണ്, അവർക്ക് എന്റെ നിലപാട് കൃത്യമായി അറിയാം." അൽ ദുഹൈലുമായി നടന്ന ലീഗ് മത്സരത്തിൽ 3-3നു സമനില വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞു.

സാവിയെ വിട്ടുനൽകാൻ കഴിയില്ലെന്ന് അൽ സദ്ദ് നേരത്തെ അറിയിച്ചിരുന്നു എങ്കിലും താരം തന്നെ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ അനുവദിക്കണമെന്ന് വ്യക്തമാക്കിയതോടെ ഖത്തരി ക്ലബ് അതിനു തയ്യാറാകുമെന്നു തന്നെയാണ് കരുതേണ്ടത്. അങ്ങിനെ സംഭവിച്ചാൽ അടുത്ത ലാ ലിഗ മത്സരത്തിനു മുൻപു തന്നെ സാവിയുടെ ട്രാൻസ്‌ഫർ ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിക്കും.

facebooktwitterreddit