FC Barcelona News

തടസങ്ങള്‍ നീങ്ങി, സാവി ഇന്ന് തന്നെ അമേരിക്കയിലേക്ക് പുറപ്പെടും

Haroon Rasheed
Xavi is expected to soon join the Barcelona squad in the US
Xavi is expected to soon join the Barcelona squad in the US / Alexander Hassenstein/GettyImages
facebooktwitterreddit

അമേരിക്കന്‍ യാത്രക്ക് ബാഴ്‌സലോണ പരിശീലകന്‍ സാവി നേരിട്ടിരുന്ന തടസം നീങ്ങിയെന്ന് റിപ്പോർട്ട്. ഉടന്‍ തന്നെ പരിശീലകന്‍ അമേരിക്കയിലേക്ക് പറക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാഡ്രിഡ് വഴിയാണ് സാവി അമേരിക്കയിലേക്ക് തിരിക്കുന്നത്.

ഇന്ന് തന്നെ മാഡ്രിഡിലെത്തുന്ന സാവി അവിടെ തങ്ങിയ ശേഷം രാവിലെ അമേരിക്കന്‍ എംബസിയിലെത്തും. അമേരിക്കന്‍ എംബസിയില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടായില്ലെങ്കില്‍ സാവിക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും. തുടര്‍ന്ന് വൈകിട്ടോടെ മയാമിയിലേക്ക് തിരിക്കാനാണ് ബാഴ്‌സലോണ പരിശീലകന്റെ പദ്ധതിയെന്നും സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാവിയുടെ പാസ്‌പോര്‍ട്ടില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഴ്‌സോലണയുടെ ടീമിനൊപ്പം സാവിക്ക് അമേരിക്കയിലേക്ക് വിസ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് മയാമിയില്‍ നടന്ന ആദ്യ പ്രീ സീസണ്‍ മത്സരം സാവിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു. ഖത്തര്‍ ക്ലബായ അല്‍ സദ്ദിന്റെ പരിശീലകനായിരുന്നപ്പോള്‍ അമേരിക്കയുടെ റെഡ് ലിസ്റ്റിലുള്ള ഇറാനിലേക്ക് മൂന്ന് തവണ സാവി യാത്ര ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അമേരിക്ക സാവിക്ക് വിസ നിഷേധിച്ചത്.

മയാമിയില്‍ ടീമിനൊപ്പം ചേരുന്ന സാവി നാളെ ടീമിനൊപ്പം ലാസ്‌ വേഗസിലേക്ക് പറക്കും. കഴിഞ്ഞ ദിവസം ഇന്റര്‍ മയാമിക്കെതിരേ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ സാവിയുടെ സഹോദരന്‍ ഓസ്‌കാറായിരുന്നു ടീമിന്റെ ചുമതല നിര്‍വഹിച്ചിരുന്നത്. മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളിന് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയ ബാഴ്‌സലോണ പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.


facebooktwitterreddit