ബാഴ്സലോണയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കുന്ന സാവിയുടെ പ്രധാന ലക്ഷ്യം രണ്ടു താരങ്ങൾ


ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന ബാഴ്സലോണ കഴിഞ്ഞ ദിവസമാണ് പരിശീലകനായിരുന്ന റൊണാൾഡ് കൂമാനെ തൽസ്ഥാനത്തു നിന്നും പുറത്താക്കിയത്. റയോ വയ്യാക്കാനോ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സയെ കീഴടക്കിയതിനു പിന്നാലെയാണ് ക്ലബ് പ്രസിഡന്റ് ലപോർട്ട കൂമാനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
മോശം പ്രകടനം നടത്തിയ ബാഴ്സലോണയിൽ നിന്നും കൂമാൻ ഒഴിവാക്കപ്പെട്ടത് സ്വാഭാവികമാണെങ്കിലും അദ്ദേഹത്തിന്റെ പകരക്കാരനായി ആരെത്തുമെന്നാണ് ആരാധകർ പ്രധാനമായും ഉറ്റു നോക്കിയിരുന്നത്. ആരാധകർ ആഗ്രഹിച്ച പോലെത്തന്നെ ക്ലബിന്റെ ഇതിഹാസതാരമായ സാവി ക്ലബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റെടുക്കുമെന്നാണ് പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കുന്നു.
Xavi ‘wants Raheem Sterling and Jules Kounde as his first two Barcelona transfers after agreeing deal to become manager’https://t.co/9Cb0xLUlQB
— The Sun Football ⚽ (@TheSunFootball) October 28, 2021
പ്രധാന താരങ്ങളിൽ പലരും കൊഴിഞ്ഞു പോയ ബാഴ്സലോണയെ ഉയർത്തിയെടുക്കാൻ സാവിയെത്തുമ്പോൾ അദ്ദേഹം ഏതാനും സൈനിംഗുകൾ ആവശ്യയപ്പെടുമെന്ന കാര്യം തീർച്ചയാണ്. സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു താരങ്ങളെയാണ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സാവി ഉന്നം വെക്കുന്നത്.
വിങ്ങിൽ വളരെ വേഗതയുള്ളതും ടീമിലെ താരങ്ങളുമായി പെട്ടന്ന് ഇണങ്ങിച്ചേരാൻ കഴിയുന്നതുമായ ഒരു താരത്തെ ആഗ്രഹിക്കുന്ന സാവിക്ക് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരമായ സ്റ്റെർലിങ്ങിൽ വളരെയധികം താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ വേഗതയേറിയ ഒരു സെന്റർ ബാക്കിനെ കൂടി ടീമിലേക്ക് പരിഗണിക്കുന്ന സാവി സെവിയ്യയുടെ ഫ്രഞ്ച് താരം ജൂൾസ് കൂണ്ടെയെയും ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടേക്കും.
നിലവിൽ ടീമിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളായ ഡെംബലെ, അൻസു ഫാറ്റി എന്നിവരുടെ കളി വിങ്ങുകളിൽ കേന്ദ്രീകരിച്ചുള്ള ശൈലിയാവും സാവി അവലംബിക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം തിരിയുന്ന ബാഴ്സലോണക്ക് ഈ താരങ്ങളെ സ്വന്തമാക്കാൻ കഴിയുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്.