ബാഴ്സലോണയുടെ പുതിയ പരിശീലകനാവുക സാവി തന്നെ, ബി ടീം പരിശീലകന് താൽക്കാലിക ചുമതല


റൊണാൾഡ് കൂമാനെ പുറത്താക്കിയ ഒഴിവിലേക്ക് ബാഴ്സലോണ പരിശീലകനായി സാവി തന്നെയെത്തും. ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ടയുമായി സംസാരിച്ചതിനു ശേഷം ബാഴ്സലോണ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സാവി സമ്മതം മൂളിയതായി പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ടു.
കഴിഞ്ഞ ദിവസം ലാ ലീഗയിൽ റയോ വയ്യാക്കാനോയുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് കൂമാനെ ബാഴ്സലോണ പുറത്താക്കുന്നത്. ലീഗിൽ ഇതുവരെ പത്തു കളികൾ പൂർത്തിയായപ്പോൾ പതിനഞ്ചു പോയിന്റുമായി ടീം ഒൻപതാം സ്ഥാനത്താണെന്നതും കഴിഞ്ഞ ആറു മത്സരങ്ങളിൽ നാലിലും ടീം തോൽവി വഴങ്ങിയതും കൂമാനെ പുറത്താക്കുന്നതിലേക്ക് നയിച്ചു.
Barcelona will announce new interim coach. Then it’s gonna be Xavi. He has accepted Barça project after talking with president Laporta days ago. Still waiting contract termination process with Al-Sadd. ? #FCB
— Fabrizio Romano (@FabrizioRomano) October 28, 2021
Laporta will announce Xavi to the team today, acc to @tjuanmarti. pic.twitter.com/zXOnMZKtIn
കൂമാനെ പുറത്താക്കിയതിനു പിന്നാലെയാണ് നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായ സാവിയുമായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചത്. ലപോർട്ടയുമായി സംസാരിച്ച അദ്ദേഹം ബാഴ്സലോണയുടെ പ്രോജക്റ്റ് അംഗീകരിച്ചു എന്നാണു റൊമാനൊ വ്യക്തമാക്കുന്നത്. അൽ സാദുമായുള്ള കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം അദ്ദേഹം ബാഴ്സലോണ പരിശീലകനായി ചുമതല ഏറ്റെടുക്കും.
അതേസമയം സാവി എത്തുന്നതു വരെ ബാഴ്സലോണ ബി ടീം പരിശീലകനായ സെർജി ബാർജുവാന് ടീമിന്റെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. ലപോർട്ട അദ്ദേഹത്തെ ഇന്നു തന്നെ ടീമിനു മുന്നിൽ അവതരിപ്പിക്കുമെന്നും റൊമാനൊ പറയുന്നു. സാവി ചുമതലയേൽക്കുന്നത് വൈകിയാൽ അടുത്ത മത്സരത്തിൽ ടീമിനെ നയിക്കുക ബാർജുവാനായിരിക്കും.
ഖത്തർ ക്ലബായ അൽ സാദിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ച സാവി ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനെ ഒരു വിഭാഗം ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയും പ്രധാന താരങ്ങളുടെ കൊഴിഞ്ഞു പോക്കും പ്രതിസന്ധിയിലാക്കിയ ടീമിനെ എത്രത്തോളം മികച്ചതാക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന സംശയം പലർക്കുമുണ്ടെന്നതും സ്പഷ്ടമാണ്.