FC Barcelona News

അവസാനനിമിഷത്തെ ഗോളിൽ വിജയം നേടിയെങ്കിലും ബാഴ്‌സലോണയുടെ ഒരേയൊരു പോരായ്‌മ ചൂണ്ടിക്കാട്ടി സാവി

Sreejith N
Xavi Tells What Barcelona Missing After Real Betis Win
Xavi Tells What Barcelona Missing After Real Betis Win / Quality Sport Images/GettyImages
facebooktwitterreddit

ജോർദി ആൽബ തൊണ്ണൂറ്റിനാലാം മിനുട്ടിൽ നേടിയ ഗോളിൽ റയൽ ബെറ്റിസിനെതിരെ വിജയം നേടിയെങ്കിലും ബാഴ്‌സയുടെ പ്രകടനത്തിലെ പ്രധാന പോരായ്‌മ ചൂണ്ടിക്കാട്ടി പരിശീലകൻ സാവി ഹെർണാണ്ടസ്. ബെറ്റിസിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിൽ ജോർദി ആൽബക്കു പുറമെ അൻസു ഫാറ്റിയാണ് ടീമിനായി ഗോൾ സ്വന്തമാക്കിയത്. ബെറ്റിസിന്റെ ഗോൾ മുൻ ബാഴ്‌സ താരം മാർക് ബാർത്രയും നേടി.

"പല സമയത്തും മത്സരം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിലും ടീമിന്റെ ഒരേയൊരു പോരായ്‌മ പന്ത് നഷ്‌ടപ്പെടുത്തി എതിരാളികൾക്ക് നൽകുന്നു എന്നതാണ്. ബെറ്റിസ്‌ ഞങ്ങളെ വളരെ ബുദ്ധിമുട്ടിച്ചു. ശൈലിയിൽ പരിവർത്തനം വരുത്തേണ്ട സമയത്ത് അവർ മികച്ച രീതിയിൽ അതു ചെയ്‌തു. എന്നാൽ ഞങ്ങൾ പന്തു നൽകുന്ന സമയത്തെല്ലാം വളരെയധികം ബുദ്ധിമുട്ടി. എന്നാൽ ടീം കാണിച്ച ആക്രമണോത്സുകതയിൽ എനിക്കു സന്തോഷമുണ്ട്."

പകരക്കാരനായി കളത്തിലിറങ്ങി ഒരു മിനിറ്റിനകം തന്നെ ബാഴ്‌സലോണയെ മുന്നിലെത്തിച്ച അൻസു ഫാറ്റിയുടെ പ്രകടനത്തെയും സാവി പ്രശംസിച്ചു. ഈ സീസണിൽ വെറും പന്ത്രണ്ടു മത്സരങ്ങൾ കളിച്ച താരം നേടുന്ന ആറാമത്തെ ഗോളായിരുന്നു ഇന്നലത്തേത്. ഈ പന്ത്രണ്ടു മത്സരങ്ങളിൽ വെറും അഞ്ചെണ്ണത്തിൽ മാത്രമേ ഫാറ്റി ആദ്യ ഇലവനിൽ കളിച്ചിരുന്നുള്ളൂ എന്നതിനാൽ ഓരോ 81 മിനുട്ടിലും ഒരു ഗോളെന്ന കണക്കിലാണ് താരം ഗോളുകൾ കുറിക്കുന്നത്.

"ഫാറ്റിയെ ഞങ്ങൾ ഇടതുവശത്താണ് ഇറക്കിയതെങ്കിലും എവിടെ വേണമെങ്കിലും കളിക്കാൻ താരത്തിന് കഴിയുമെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. താരം ഉള്ളിലേക്ക് കട്ട് ചെയ്‌തു മുന്നേറുന്ന തരത്തിലായിരുന്നു പദ്ധതി. രണ്ട് അവസരങ്ങൾ ലഭിച്ചാൽ താരം ഒരെണ്ണം ഗോളാക്കി മാറ്റും. ബോക്‌സിനുള്ളിൽ ഫാറ്റി വളരെ അപകടകാരിയാണ്. ചില കളിക്കാർ വളരെ മികച്ചവരാണെങ്കിൽ, അൻസു ഫാറ്റി ഒരു താരമാണ്." സാവി പറഞ്ഞു.

റയൽ ബെറ്റിസിനെതിരായ വിജയത്തോടെ ലീഗിൽ രണ്ടാമത് നിൽക്കുന്ന ബാഴ്‌സലോണ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം അഞ്ചാം സ്ഥാനത്തു നിൽക്കുന്ന, ഈ സീസണിലെ കോപ്പ ഡെൽ റേ വിജയികളായ റയൽ ബെറ്റിസ് തോൽവി വഴങ്ങിയതോടെ അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പരുങ്ങലിലായിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit