ഗാവിയുമായി കൂട്ടിയിടിച്ചു വീണ അറഹോയുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ച് ബാഴ്സലോണ പരിശീലകൻ സാവി


സെൽറ്റ വിഗോക്കെതിരായ ലാ ലിഗ മത്സരത്തിനിടെ സഹതാരം ഗാവിയുടെ തലയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ പ്രതിരോധതാരം റൊണാൾഡ് അറഹോയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കു വെച്ച് ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. പ്രാഥമിക വിവരങ്ങൾ പ്രകാരം അറഹോയുടെ പരിക്ക് ഗുരുതരമായ ഒന്നല്ലെന്നാണ് സാവി പറയുന്നത്.
മത്സരം ഒരു മണിക്കൂറിലധികം പിന്നിട്ടപ്പോഴാണ് ഒരു ഹൈ ബോളിനു വേണ്ടി ഉയർന്നു ചാടിയ അറഹോ, ഗാവി എന്നിവരുടെ തലകൾ കൂട്ടിയിടിച്ചത്. ഇതേതുടർന്ന് മൈതാനത്തു വീണ യുറുഗ്വായ് താരത്തെ ആംബുലൻസ് എത്തിയാണ് കൊണ്ടു പോയത്. ബാഴ്സലോണ ആരാധകർക്ക് ഇതു വളരെയധികം ആശങ്ക സമ്മാനിച്ചിരുന്നു.
Ronald Araújo was taken away in an ambulance after he clashed heads with Gavi. pic.twitter.com/LMot6I8GW4
— ESPN FC (@ESPNFC) May 10, 2022
"ഡോക്ടർ പറഞ്ഞത് താരം ബോധാവസ്ഥയിൽ തന്നെയുണ്ടെന്നും അപകടങ്ങൾ ഒന്നുമില്ലെന്നുമാണ്. പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു മുൻകരുതലെന്ന നിലയിൽ ഈ രാത്രി താരം ആശുപത്രിയിൽ തുടരുമെന്നതിൽ കൂടുതലായൊന്നുമില്ല." മത്സരത്തിനു ശേഷം മൂവീസ്റ്റാർ ഫുട്ബോളിനോട് സാവി പറഞ്ഞു.
Xavi to @MovistarFutbol on Araujo: "The doctor said he's conscious and out of danger, that we shouldn't worry. He will spend the night in hospital as a precaution, nothing more."
— Tom Allnutt (@TomAllnuttAFP) May 10, 2022
മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ സാവിക്ക് സംതൃപ്തിയില്ല. ബാഴ്സ മികച്ച പ്രകടനം നടത്തിയില്ലെന്നും സെൽറ്റ വിഗോക്ക് ചുവപ്പുകാർഡ് ലഭിച്ചതിനു ശേഷമാണ് ടീമിന്റെ കളി മെച്ചപ്പെട്ടതെന്നും പറഞ്ഞ സാവി പതിനൊന്നു പേർക്കെതിരെ കളിക്കുമ്പോൾ ടീം പതറിയെന്നും അഭിപ്രായപ്പെട്ടു.
ലാ ലിഗയിൽ രണ്ടാം സ്ഥാനത്തെത്തുകയെന്ന ലക്ഷ്യമുള്ള ബാഴ്സ മികച്ച പ്രകടനം നടത്താതെ തന്നെ നേടിയ വിജയം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്നും സാവി പറഞ്ഞു. കളിക്കേണ്ടത് ഇങ്ങിനെയല്ലെങ്കിലും ടീം പൊരുതിയെന്നും ടീം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒബാമയാങ്ങിന്റെ ഇരട്ടഗോളുകളും മെംഫിസ് ഡീപേയ് നേടിയ ഗോളുമാണ് ബാഴ്സലോണക്ക് വിജയം നേടിക്കൊടുത്തത്. ഒസ്മാനെ ഡെംബലെ രണ്ട് അസിസ്റ്റുകൾ നൽകി വിജയത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ സെൽറ്റയുടെ ആശ്വാസഗോൾ അസ്പാസിന്റെ വകയായിരുന്നു. ഇനി ഗെറ്റാഫക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.