ഗാവിയുടെയും അറോഹോയുടെയും ഭാവിയുടെ കാര്യത്തിൽ ബാഴ്‌സലോണ ബോർഡിനു മുന്നറിയിപ്പു നൽകി സാവി

Xavi Delivers Message To Barcelona Board About Gavi, Araujo
Xavi Delivers Message To Barcelona Board About Gavi, Araujo / Anadolu Agency/GettyImages
facebooktwitterreddit

ബാഴ്‌സലോണയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നേരിടുന്ന ഗാവി, അറോഹോ എന്നിവരെ ഒരിക്കലും ടീം വിടാൻ അനുവദിക്കാൻ കഴിയില്ലെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. തന്റെ പദ്ധതികളിൽ വളരെ പ്രധാനപ്പെട്ട താരങ്ങളായ ഇരുവരുമായും ഉടനെ തന്നെ കരാർ പുതുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

2018ൽ യുറുഗ്വായ് ക്ലബായ ബോസ്റ്റൺ റിവറിൽ നിന്നും ബാഴ്‌സലോണ ബി ടീമിലെത്തിയ അറോഹോ ഇന്ന് ലീഗിലെ തന്നെ മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായി വളർന്നിട്ടുണ്ട്. ലാ മാസിയ അക്കാദമിയിലൂടെ ഉയർന്നു വന്ന ഗാവിയും ഇന്നു ടീമിലെ പ്രധാനപ്പെട്ട താരമാണ്. ഇരുപത്തിമൂന്നും പതിനേഴും വയസുള്ള ഈ രണ്ടു താരങ്ങളുടെയും കരാർ 2023ൽ അവസാനിക്കുമെന്നിരിക്കെ കരാർ പുതുക്കാനുള്ള ചർച്ചകൾ ഇതുവരെയും വിജയം കണ്ടിട്ടില്ല.

"അവർ വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. രണ്ടു പേരെയും ഇവിടം വിടാനനുവദിക്കാൻ ക്ലബിനു കഴിയില്ല. മികവുറ്റ കളിക്കാരാണ് അവർ രണ്ടു പേരും. അവർ രണ്ടു പേരും ക്ലബിനൊപ്പം തുടരുമെന്നും കരാർ പുതുക്കുമെന്നും ഞാൻ ചിന്തിക്കുന്നു. എനിക്ക് വളരെ പ്രതീക്ഷയുണ്ട്." സാവി സെവിയ്യക്കെതിരായ ലീഗ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ഈ സീസണോടെ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെയെ കുറിച്ചും സാവി സംസാരിച്ചു. ഡെംബലെ വളരെ സന്തോഷത്തിൽ തുടരുന്നുവെന്നും ടീമിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞ സാവി കരാർ പുതുക്കുന്നത് താരത്തിന്റെ തീരുമാനം മാത്രമാണെന്നും കൂട്ടിച്ചേർത്തു. കൂടുതൽ അധ്വാനിച്ചാൽ സ്വന്തം പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ ഡെംബലെക്ക് കഴിയുമെന്നും സാവി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.