ഡെംബലെക്ക് നിർദ്ദേശവുമായി സാവി, ലപോർട്ടയുടെ വാക്കുകളോടും പ്രതികരിച്ച് ബാഴ്‌സലോണ പരിശീലകൻ

Sevilla v FC Barcelona - La Liga Santander
Sevilla v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

തന്റെ ഭാവിയെ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം ഡെംബലെ നടത്തണമെന്നാവശ്യപ്പെട്ട് ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് താരം അതു പുതുക്കാൻ ബാഴ്‌സ മുന്നോട്ടു വെച്ച ഓഫറുകളോട് അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് സാവിയുടെ പ്രതികരണം.

"ഒരു തീരുമാനത്തിലെത്താൻ വേണ്ടിയുള്ള പരിശ്രമം നടത്താൻ ഞാൻ ഡെംബലെയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം താരത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. എന്താണു തീരുമാനിക്കുകയെന്ന് നമുക്ക് നോക്കാം. അതിനു മുൻപ് താരം ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ ശാന്തനായി അപ്ഡേറ്റ് കാത്തിരിക്കുകയാണ്." ലിനാരേസ് ഡിപോർറ്റീവോയുമായുള്ള കോപ്പ ഡെൽ റേ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ സാവി പറഞ്ഞു.

"ഇതെന്നെ ആശ്രയിച്ചു നിൽക്കുന്ന കാര്യമല്ല. അത് ക്ലബിനെയും താരത്തിനെയും ആശ്രയിച്ചാണ് നിൽക്കുന്നത്. തന്നെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും താരം ചിന്തിക്കണം." സാവി വ്യക്തമാക്കി.

കരാർ പുതുക്കില്ലെന്ന തീരുമാനം എടുത്താൽ ഡെംബലെയെ ജനുവരിയിൽ തന്നെ വിൽക്കാനാണ് താരത്തിന്റെ അവസാന വാക്കറിയാൻ ബാഴ്‌സലോണ സമ്മർദ്ദം ചെലുത്തുന്നതെന്നാണ് അനുമാനിക്കേണ്ടത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു താരം ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ് വിടാൻ ബാഴ്‌സലോണക്ക് ആഗ്രഹം ഉണ്ടായിരിക്കില്ല. അതിനു പുറമെ ബാഴ്‌സ യൂറോപ്പിലെ പ്രബല ശക്തികളായി അടുത്തു തന്നെ തിരിച്ചെത്തുമെന്ന് ലപോർട്ടയുടെ വാക്കുകളോടും സാവി പ്രതികരിച്ചു.

"തിരിച്ചു വരികയെന്നതു തന്നെയാണ് ലക്ഷ്യം. ഞങ്ങൾ ഒൻപതാം സ്ഥാനത്തായിരുന്നു, ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. മെല്ലെ മെല്ലെ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്തു തന്നെ ഞങ്ങളെത്തും. വിന്റർ ജാലകത്തിൽ ഫെറൻ ടോറസിനെ പോലെയുള്ള സൈനിങ്‌ പൂർത്തിയാക്കിയതു കണ്ട് ആരാധകർ ആശ്വസിക്കുന്നുണ്ട്. ഞങ്ങളിപ്പോഴും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കയാണ്."

"പ്രസിഡന്റിനെയാണ് പിന്തുടരേണ്ടത്, അദ്ദേഹം വഴി കാണിക്കുന്നു. തന്റെ പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ സ്വഭാവവുമായി അതിനെ ബന്ധപ്പെടുത്തി കാണാൻ എനിക്കു കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിലാഷം എനിക്കിഷ്ടമാണ്. വളരെ വിവേകമുള്ള വ്യക്തിയാണദ്ദേഹം."

"ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കയാണ്, ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ അടുത്ത് എത്തുകയും ചെയ്‌തു. അതെളുപ്പമല്ല, എങ്കിലും ഞങ്ങൾ കഠിനമായി അധ്വാനിച്ച് ബാഴ്‌സലോണയെ അർഹിക്കുന്ന സ്ഥാനങ്ങളിലെത്തിക്കും." സാവി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.