ബുദ്ധിമുട്ടേറിയ സമയമാണെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച് ബാഴ്സലോണ പരിശീലകൻ സാവി


ബാഴ്സലോണ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതല ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് ക്ലബിന്റെ ആരാധകർ. കളിക്കാരനായും നായകനായും ടീമിന് സ്വപ്നതുല്യമായ നേട്ടങ്ങൾ നൽകിയിട്ടുള്ള സാവിയുടെ പരിശീലകനായുള്ള തിരിച്ചുവരവ് ടീമിന് വിജയങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷ ആരാധകരിൽ ഓരോരുത്തർക്കുമുണ്ട്. അതേസമയം നിലവിലെ പ്രതിസന്ധിയിൽ ബാഴ്സയെ ഉയർത്തിയെടുക്കുകയെന്നത് ക്ലബിന്റെ ഇതിഹാസ താരത്തെ സംബന്ധിച്ച് ശ്രമകരമായ ജോലി തന്നെയാണ്.
സാമ്പത്തിക പ്രതിസന്ധിയും പ്രധാന താരങ്ങൾ ടീം വിട്ടതുമാണ് ബാഴ്സലോണ നേരിടുന്ന പ്രധാന വെല്ലുവിളി. ടീമിനെ യൂറോപ്പിലെ പ്രധാന ശക്തികളാക്കി ഉയർത്തിയെടുക്കണമെങ്കിൽ മികച്ച താരങ്ങളുടെ സാന്നിധ്യം കൂടിയേ തീരുവെങ്കിലും അവരെ സ്വന്തമാക്കാനുള്ള ശേഷി ബാഴ്സക്കില്ല. എന്നാൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും തനിക്കു മുന്നിലുള്ള വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് പതിനേഴു വർഷം ക്ലബിനൊപ്പം ചിലവഴിച്ച താരം പറയുന്നത്.
"പ്രിയപ്പെട്ട ക്യൂളെഴ്സ്, ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഞാൻ വളർന്നു വന്നയിടത്തേക്കാണ് ഞാൻ തിരിച്ചു വന്നിരിക്കുന്നത്, എന്റെ ജീവിതം തന്നെയായ ക്ലബിലേക്കാണ് ഞാൻ മടങ്ങി വന്നിരിക്കുന്നത്. എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയ ഈ മുദ്രയെ വീണ്ടും പ്രതിരോധിച്ചു തുടങ്ങണമെന്നും, ക്യാമ്പ് നൂവിന്റെ ആവേശം ഏറ്റു വാങ്ങണമെന്നും ഇവിടുത്തെ മഹത്തായ ആരാധകരുടെ ആർപ്പുവിളികൾ വീണ്ടും കേൾക്കാമെന്നുമുള്ള വികാരത്തെ വിവരിക്കുവാൻ എനിക്ക് വാക്കുകളില്ല."
"ഞാൻ വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയത്താണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷെ ഈ വെല്ലുവിളി വലിയ ആവേശത്തോടു കൂടിയാണ് ഞാൻ ഏറ്റെടുക്കുന്നത്. നമ്മൾ അർഹിക്കുന്ന സ്ഥാനത്തെത്താൻ ഞാൻ നിങ്ങൾക്കൊപ്പം അധ്വാനിക്കുകയും പോരാടുകയും ചെയ്യും."
"എന്നെ വിശ്വസിച്ചതിനു ബാഴ്സലോണക്ക് നന്ദി. ഈ പ്രധാനപ്പെട്ട സ്ഥാനം ഞാൻ ഏറ്റെടുക്കണം എന്ന് വിശ്വസിച്ച എല്ലാ ആരാധകർക്കും ഞാൻ നന്ദി പറയുന്നു." സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നൽകിയ സന്ദേശത്തിൽ സാവി പറഞ്ഞു.
സാവിയെ പരിശീലകനായി ബാഴ്സലോണ പ്രഖ്യാപിച്ചു എങ്കിലും ഈ വാരാന്ത്യത്തിൽ നടക്കുന്ന സെൽറ്റ വിഗോക്കെതിരായ മത്സരത്തിൽ അദ്ദേഹം ടീമിനെ നയിക്കുകയില്ല. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം എസ്പാന്യോളിനെതിരെ ആയിരിക്കും പരിശീലകൻ എന്ന നിലയിൽ ബാഴ്സലോണയിൽ സാവിയുടെ അരങ്ങേറ്റം.