Football in Malayalam

യുവതാരങ്ങളാണ് ബാഴ്‌സലോണയെ താങ്ങി നിർത്തുന്നതെന്ന് സാവി, സീനിയർ താരങ്ങൾക്ക് വിമർശനം

Sreejith N
CA Osasuna v FC Barcelona - La Liga Santander
CA Osasuna v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഒസാസുനക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സ സമനില വഴങ്ങിയതിനു പിന്നാലെ ടീമിലെ യുവതാരങ്ങളെ പ്രശംസിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. 2-1നു മുന്നിൽ നിന്നിരുന്ന ബാഴ്‌സലോണ എൺപത്തിയാറാം മിനുട്ടിൽ വഴങ്ങിയ ഗോളിലാണ് വിജയം കൈവിട്ടത്. നിലവിൽ ബാഴ്‌സയെ താങ്ങി നിർത്തുന്നത് യുവതാരങ്ങളാണെന്നു പറഞ്ഞ സാവി സീനിയർ താരങ്ങൾ ടീമിനായി കൂടുതൽ സംഭാവന നൽകണമെന്നു വ്യക്തമാക്കി.

"അബ്ദെ, ഗാവി, നിക്കോ എന്നിവർ അസാധാരണമായ പ്രകടനം തന്നെയാണ് നടത്തിയത്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവർ ടീമിനെ താങ്ങി നിർത്തുന്നു. യുവതാരങ്ങളാണ് കളിക്കളത്തിൽ വ്യത്യാസം സൃഷ്‌ടിക്കുന്നതെന്ന കാര്യം മനസിലാക്കുക വളരെ ബുദ്ധിമുട്ടാണ്."

"അതൊരേ സമയം നല്ലതും മോശവുമാണ്, കാരണം യുവതാരങ്ങൾക്ക് എല്ലായിപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞേക്കില്ല. അവർക്ക് ടീമിന്റെ തൂണുകളാവാൻ കഴിയില്ല. മറ്റുള്ള താരങ്ങളും അതിനൊപ്പം ജോലി ചെയ്യണം. എല്ലാവരിൽ നിന്നും കൂടുതൽ മികച്ച പ്രകടനം പരസ്‌പരം ആവശ്യപ്പെടണം." സാവി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ സമനില വഴങ്ങിയതിലുള്ള അതൃപ്‌തിയും അദ്ദേഹം പ്രകടിപ്പിച്ചു. "ഒരു പോയിന്റെന്നത് വേണ്ടത്രയില്ല. കയ്പ്പുമായാണ് ഞങ്ങൾ പോയത്. 2-1ൽ ഞങ്ങൾ മികച്ച പ്രകടനം നടത്തി, പന്ത് ഞങ്ങൾ കൈവശം വെക്കണമായിരുന്നു, പക്ഷെ അതിൽ വിജയിച്ചില്ല. ഞങ്ങൾ ശാന്തരായിരുന്നില്ല, പന്തിൽ ആധിപത്യം പുലർത്താനും കഴിഞ്ഞില്ല. അവർ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി." സാവി പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഓസ്‌കാർ മിൻഗുയെസയെ കളത്തിലിറക്കിയതിനെതിരെ ഉയരുന്ന വിമർശനങ്ങളെയും സാവി പ്രതിരോധിച്ചു. ഗാവി കൂടുതൽ തളർന്നതു കൊണ്ടാണ് ആ തീരുമാനം എടുത്തതെന്നും പ്രതിരോധതാരങ്ങളെ കവർ ചെയ്യേണ്ടത് അനിവാര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit