Lionel Messi

ലയണൽ മെസിയില്ലാത്ത സീസൺ വളരെ ബുദ്ധിമുട്ടേറിയതെന്ന് ബാഴ്‌സലോണ പരിശീലകൻ സാവി

Sreejith N
Xavi Says This Season A Lot Harder Without Lionel Messi
Xavi Says This Season A Lot Harder Without Lionel Messi / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയ ഈ സീസൺ ക്ലബ്ബിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്ന് കാറ്റലൻ ക്ലബിന്റെ പരിശീലകൻ സാവി ഹെർണാണ്ടസ്. റയോ വയ്യക്കാനൊക്കെതിരെ നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് മെസിയുടെ അഭാവം ക്ലബിനുണ്ടാക്കിയ ക്ഷീണത്തെക്കുറിച്ച് സാവി വെളിപ്പെടുത്തിയത്.

കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ലയണൽ മെസി ക്ലബ് വിട്ടതും ഈ സീസണിൽ ബാഴ്‌സലോണയെ വളരെയധികം ബാധിച്ചിരുന്നു. സീസണിന്റെ തുടക്കത്തിൽ പുതിയ താരങ്ങളെ എത്തിക്കാൻ കഴിയാതിരുന്ന ബാഴ്‌സ മോശം ഫോമിലേക്ക് വീണതിനെ തുടർന്നാണ് കൂമാനെ മാറ്റി സാവിയെ പരിശീലകനായി എത്തിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ടീമിനെ നയിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാവിയുടെ മറുപടി.

"ഞങ്ങൾ മെസിക്കു ശേഷമുള്ള കാലഘട്ടത്തിലാണ്, ഞങ്ങൾ വളരെയധികം ക്ഷമയോടെ തുടരണം. എല്ലാ കിരീടങ്ങളും നേടാൻ ആഗ്രഹിക്കുന്ന ആദ്യത്തെയാൾ ഞാനാണ്, പക്ഷെ ഞങ്ങൾക്ക് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ കരുത്തുറ്റതാക്കണം. യാഥാർഥ്യബോധത്തോടെയും ക്ഷമയുടെയും ശാന്തമായും ഞങ്ങൾ തുടരണം. മെസിയില്ലാതെ വളരെ ബുദ്ധിമുട്ടാണിതെല്ലാം. ടീമിന്റെ മനോഭാവം പ്രശംസാർഹമാണെന്നതിൽ സംശയമില്ല."

"എല്ലാ തരത്തിലുള്ള നിമിഷങ്ങളുമുണ്ടായേക്കാം. ബെർണാബുവിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചതു പോലെയുള്ള സയൻസ് ഫിക്ഷൻ നിമിഷങ്ങളും ഉണ്ടായേക്കാം. അതുപോലെ കോവിഡ് സാഹചര്യങ്ങൾ, ഞങ്ങൾ ലാ ലീഗയിൽ ഏഴാം സ്ഥാനത്തേക്ക് വീണതു പോലെയുള്ള ഭീതിപ്പെടുത്തുന്ന നിമിഷങ്ങളും ഉണ്ടായേക്കാം. അതൊരു യാഥാർഥ്യമാണ്, അതിനെ നേരിടുക തന്നെ വേണം." സാവി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സാവി വന്നതിനു ശേഷം ബാഴ്‌സലോണയുടെ പ്രകടനം മെച്ചപ്പെട്ടുവെന്നതിൽ യാതൊരു സംശയവുമില്ല. സാവി വരുമ്പോൾ ലീഗിൽ ഒൻപതാം സ്ഥാനത്തു നിന്നിരുന്ന ബാഴ്‌സലോണ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. അടുത്ത സീസണിൽ പുതിയ താരങ്ങളെ സ്വന്തമാക്കുമ്പോൾ ടീം കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit